ആറു ജയിലുകളില്‍ ഗോ ശാലകള്‍ അടുത്ത മാസം
ചണ്ഡീഗഢ്- ഹരിയാനയില്‍ പശു പരിപാലനത്തിലൂടെ തടവുകാരെ നവീകരിക്കാന്‍ പദ്ധതി. പശുവിന്റെ അത്ഭുത സിദ്ധികളിലൂടെ തടവുകാരെ സഹായിക്കുന്ന പദ്ധതിയാണ് വിവിധ ജയിലുകളില്‍ നടപ്പാക്കുന്നത്. ഗോക്കളെ സംരക്ഷിക്കുന്നതോടൊപ്പം തടവുകാരുടെ പുനരധിവാസത്തിനും പദ്ധതി സഹായകമാകുമെന്ന് ഹരിയാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
ആറു ജയിലുകളില്‍ ഗോശാലകള്‍ പണിയുന്നതിന് 96 കോടി രൂപയാണ് നീക്കിവെച്ചത്. ഓരോ ജയിലിലും 600 പശുക്കളെ വീതം അടുത്ത മാസം എത്തിക്കും.
ഗോ ചികിത്സയിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് തടവുകാരെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനു കീഴിലുള്ള ഗോ സേവാ ആയോഗ് (ഗോ ക്ഷേമ കമ്മീഷന്‍) അധ്യക്ഷന്‍ ഭാനി റാം മംഗ്ല വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. പശുക്കള്‍ ഹിന്ദു മതത്തിന്റെ ഭാഗമാണെന്നും പരിപാലിക്കുന്നവര്‍ക്ക് അത്ഭുത സിദ്ധികള്‍ നല്‍കാന്‍ അവക്കും സാധിക്കുമെന്നും കണക്കില്ലാത്ത നേട്ടങ്ങളാണ് ഇതുവഴി നേടാനാവുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പശുക്കളുടെ പാലിന് തടവുകാരെ ശുദ്ധീകരിക്കാന്‍ കഴിയും. ജയില്‍ വളപ്പുകളില്‍ ഗോശാലകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ചാണകവും മൂത്രവും പ്രാദേശിക വിപണിയില്‍ വില്‍പന നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വാതം മുതല്‍ ആസ്തമ വരേയും കാന്‍സര്‍ മുതല്‍ പ്രമേഹം വരേയും ഭേദമാക്കാന്‍ ഗോമൂത്രത്തിനു സാധിക്കുമെന്നാണ് ഹിന്ദു ഭക്തരുടെ വിശ്വാസം. ഗോശാലകളിലൂടെ ഉണ്ടാക്കുന്ന ബയോഗ്യാസ് ജയിലുകളിലെ ഇന്ധന ആവശ്യം നിറവേറ്റാന്‍ കഴിയും -അദ്ദേഹം വിശദീകരിച്ചു.
ജയില്‍ വളപ്പുകളില്‍ ഡയറി ഫാമുകള്‍ ആദ്യമല്ലെങ്കിലും തടവുകാരുടെ ചികിത്സക്കും നവീകരണത്തിനുമായി ഗോശാലാ പദ്ധതി നടപ്പാക്കുന്നത് ആദ്യമാണ്. പല ജയിലുകളിലും ആവശ്യമായ പാലിനു വേണ്ടി പശുക്കളെ വളര്‍ത്തുന്നുണ്ട്. മധ്യപ്രദേശിലേയും ഗുജറാത്തിലേയും ജയിലുകളില്‍ നിലവില്‍ ഗോശാലകളുണ്ട്. ദല്‍ഹിയിലെ തിഹാര്‍ ജയിലിലും ഒരു ഡസന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. ആഗ്ര, അലഹബാദ് ജയിലുകളില്‍ ചെറിയ ഡയറി ഫാമുകള്‍ ഉണ്ടെങ്കിലും ഹരിയാനയെ പിന്തുടര്‍ന്ന് എല്ലാ ജയിലുകളിലും വിപുലമായ ഗോശാലകള്‍ ആരംഭിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പദ്ധതിയുണ്ട്.
ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനേയും കാലിത്തീറ്റ കുംഭകോണത്തിലെ മറ്റു പ്രതികളേയും തുറന്ന ജയലിലേക്ക് മാറ്റിയപ്പോള്‍ അവിടെ അവര്‍ക്ക് പശുക്കളെ പരിപാലിച്ചു കഴിയാമെന്നാണ് ജഡ്ജി പറഞ്ഞിരുന്നത്.
2016 നവംബറിലാണ് ജയിലുകളില്‍ അധികമുള്ള ഭൂമി ഗോശാലകളായി ഉപയോഗിക്കാന്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വാശ്രയ ഗോശാലകളാണ് പദ്ധതിയിലുള്ളത്. അംബാല, ജിന്ദ്, ഭിവാനി, സോനാപേട്ട്, റോത്തക്ക് എന്നിവിടങ്ങളിലെ ജയിലുകളിലാണ് അടുത്ത മാസത്തോടെ ഗോശാലകള്‍ ആരംഭിക്കുന്നത്.
2014 ല്‍ കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗോ പരിപാലന പദ്ധതികള്‍ ആരംഭിച്ചത്. ഗോ ഹത്യക്കെതിരെ നിയമം പാസാക്കിയ ചില സംസ്ഥാനങ്ങള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നതിനും കടത്തുന്നതിനും ജീവപര്യന്തം തടവ് വരെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗോ സംരക്ഷണത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ അക്രമങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.