Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍ നിന്ന് തടിയൂരാന്‍ ഇരയെ വിവാഹം ചെയ്തു; ശേഷം ഭാര്യയെ മലഞ്ചെരുവില്‍ തള്ളിയ യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി- വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ജയിലിലായ 24കാരന്‍ ഇതേ യുവതിയെ വിവാഹം ചെയ്ത ശേഷം ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ കൊണ്ടു പോയി മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ടു. ഈ സംഭവം പുറത്തായതോടെ ദല്‍ഹി പോലീസ് രാജേഷ് റായ് എന്ന പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. 29കാരിയായ ഭാര്യ ബബിതയെയാണ് രാജേഷ് മലഞ്ചെരുവില്‍ നിന്ന് ആഴത്തിലേക്ക് തള്ളിയിട്ടത്. ബബിതയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

തന്നെ വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ബബിത രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രാജേഷ് തിഹാര്‍ ജയിലിലായിരുന്നു. പിന്നീട് രാജേഷിനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ് ബബിത പരാതി പിന്‍വലിച്ചതോടെ രാജേഷ് മോചിതനായി. ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. 

ബബിത നിരന്തരം ഭര്‍ത്താവിന്റെ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി ബബിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇരുവരും തമ്മില്‍ വഴക്കും പതിവായതോടെ രാജേഷിനെ വിട്ട് ബബിത വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പ്രശ്‌നം തീര്‍ക്കാമെന്ന് വിശ്വസിപ്പിച്ച് രാജേഷ് ബബതിയെ വീണ്ടും ജൂണ്‍ 11ന് തന്റെ നാടായ ഉത്തരാഖണ്ഡിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനു ശേഷം ബബിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ ബബിതയുടെ ബന്ധുക്കള്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ രാജേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യയെ നൈനിറ്റാളില്‍ കൊണ്ടു പോയി ഒരു മലഞ്ചെരിവില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതായി രാജേഷ് പോലീസിനോട് വെളിപ്പെടുത്തി. ബബിതയെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തിവരികയാണ് പോലീസ്.
 

Latest News