ലണ്ടന്‍- വായ്പ തിരിച്ചടക്കാതെ കോടികള്‍ വെട്ടിച്ച് മുങ്ങിയ പിടികിട്ടാപുള്ളി മദ്യവ്യവസായി വിജയ് മല്യയെ ബ്രിട്ടീഷ് കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇതോടെ മല്യയുടെ വിദേശങ്ങളിലെ ആസ്തികള്‍ മരവിപ്പിച്ച് പണം തിരിച്ചു പിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങള്‍ വേഗത്തിലാകും. എസ്ബിഐ നേതൃത്വത്തിലുള്ള 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യയില്‍ നിന്നും പണം വീണ്ടെടുക്കാന്‍ ശ്രമിച്ചു വരുന്നത്. മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലുള്ള 9000 കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനാണ് ബാങ്കുകളുടെ നീക്കം.
ലണ്ടനിലെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ഇന്‍സോള്‍വന്‍സീസ് ആന്റ് കമ്പനീസ് കോര്‍ട്ട് ജഡ്ജി മൈക്കല്‍ ബ്രിഗ്‌സ് ആണ് മല്യയെ പാപ്പരായി പ്രഖ്യാപിച്ചത്. മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ ബാങ്കുകള്‍ കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പാപ്പരായി പ്രഖ്യാപിച്ചതോടെ മല്യയുടെ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും മല്യയ്ക്കു നഷ്ടമാകും. ഒരു ട്രസ്റ്റിയുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ച് ആസ്തിയും ബാധ്യതയും കണക്കാക്കിയ ശേഷം ആസ്തി വിറ്റ് ബാധ്യത തീര്‍ക്കുകയും ചെയ്യും.