Sorry, you need to enable JavaScript to visit this website.

നീലക്കുറിഞ്ഞികൾ പൂക്കുംകാലം

നീലക്കുറിഞ്ഞി പൂത്തതിന്റെ മനോഹാരിത. ഫോട്ടോ: ഗോപാലകൃഷ്ണൻ, തൊടുപുഴ

ഹിമഗിരി ശൃംഗങ്ങളെ നീലച്ചേല പുതപ്പിക്കുന്ന  വിസ്മയത്തിന്റെ കാഴ്ച. ആയിരക്കണക്കിനു പൂക്കളെ അടുക്കടുക്കായി വർഷിച്ച് മലകളെ നീലക്കടലാക്കുന്ന രണ്ടടിയോളം പോന്ന ചെടികൾ. നീലക്കുറിഞ്ഞികൾ. നീലക്കുറിഞ്ഞി മലമേടുകൾ പന്ത്രണ്ട് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രതിഭാസം ഒരിക്കലെങ്കിലും കാണാനായവർക്ക്, സന്ദർശിച്ചിട്ടുള്ളവർക്ക് അതിന്റെ മായ കാഴ്ച മനസ്സിൽ നിന്നും മായില്ല. പക്ഷേ ഈ നീലക്കനലാട്ടത്തിന്റെ വർണക്കാഴ്ച പുതുതലമുറയിൽ നിന്ന്  മായ്ച്ചുകളയത്തക്ക വിധം ഇപ്പോൾ വിവാദം മുറുകുകയാണ്. ലോകത്തൊരിടത്തുമില്ലാത്ത പ്രകൃതിയുടെ ഈ സൃഷ്ടിയുടെ വസന്ത വ്യാപ്തിയെ കയ്യേറ്റങ്ങളിലൂടെ അന്യവൽക്കരിക്കപ്പെടുമോയെന്ന്  ആശങ്കയുയരുകയാണ്; മൂവായിരത്തിലേറെ വർഷങ്ങളായി നിശ്ചിത ഇടവേളകളിൽ കൂട്ടത്തോടെ പൂത്തിരുന്ന നീലക്കുറിഞ്ഞിയുടെ നിലനിൽപ്.


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ കുറിഞ്ഞിപ്പൂക്കാലമായിരുന്നു രണ്ടായിരത്തി ആറിലേത്. അന്ന് കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഭാഗങ്ങളിൽ കുറിഞ്ഞിപ്പൂക്കൾ ഒരുക്കിയ അപൂർവ  കാഴ്ച കാണാനാവസരമുണ്ടായി. ആ വർഷമാണ് കുറിഞ്ഞി പ്രദേശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കുന്നത്. പതിനൊന്നു വർഷം കഴിഞ്ഞ്
 അടുത്ത പൂക്കാലത്തിന്റെ പടിവാതിൽക്കലായിട്ടും രാഷ്ട്രീയ പോരാട്ടങ്ങളുടെ പൂക്കളമാണ് പ്രകൃതിസ്‌നേഹികളും സഞ്ചാരികളും കാണുന്നത്.


ദൂരെ കാഴ്ചയിൽ ചാരച്ചുവപ്പണിയുന്ന നീലക്കടൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ചോല വനങ്ങൾക്കരികെയുള്ള പുൽമേടുകളിലാണ് കാണാനാവുന്നത്. പശ്ചിമഘട്ടത്തിൽ നീലഗിരി മലകളിലും ആനമുടികളിലും പഴനിമലകളിലും പൂർവ്വ ഘട്ടത്തിൽ  യേർക്കാട് മലകളിലുമാണ് നീലക്കുറിഞ്ഞികൾ സമൃദ്ധമായി കണ്ടുവന്നിരുന്നത്. സിംല, ഡാർജിലിംഗ്, അസമിന്റെ ചില  പ്രദേശങ്ങളിലും പണ്ടു കാലത്ത് കുറിഞ്ഞി വർഗത്തിലുള്ള സസ്യങ്ങൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ലോകത്ത് മലയാളിക്കും തമിഴനും മാത്രമായി ചുരുങ്ങുന്ന കുറിഞ്ഞികളിപ്പോൾ  മൂന്നാറിൻെറ മലമടക്കുകളിൽ രാജമലയിലും ഇരവികുളം ദേശീയോദ്യാനത്തിലും കടവരിയിലും കോവിലൂരിലും. ഇവിടങ്ങളിൽ നീലക്കുറിഞ്ഞിയുടെ സമ്പന്നമായ സാന്നിധ്യം.


സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടി മുതൽ എണ്ണായിരം വരെയുള്ള ചോലക്കാടുകളും പുൽമേടുകളുമാണ് നീലക്കുറിഞ്ഞിയുടെ ആവാസ മേഖല. ഉയരം കൂടിയ പ്രദേശങ്ങളിലെ ചെടികൾക്ക് രണ്ടടിയോളമേ പൊക്കമുണ്ടാകുകയുള്ളൂ. ഉയരം കുറഞ്ഞ ഭാഗങ്ങളിൽ ഇവ പത്തടിയോളം ഉയരത്തിൽ വളരും. മലകളിലെ ശക്തമായ കാറ്റ് ലഭിക്കാത്ത ചരിവുകളിൽ കുറിഞ്ഞി അഞ്ചടിയിൽ കുറയാതെ വളരുന്നതായും കണ്ടെത്തിയിട്ടുണ്ട്.രണ്ടായിരത്തിയഞ്ചിൽ പൂത്ത കുറിഞ്ഞികൾ ഇപ്പോൾ  മൂന്നാറിന്റെ ചില ഭാഗങ്ങളിൽ  പൂത്തു നിൽപുണ്ട്.

ചിന്നാറിലെ പുതുക്കുടി ആദിവാസി മേഖല, കൊട്ടക്കമ്പൂരിനടുത്തു ചിലന്തിയാർ, ആനമുടിയുടെ ഭാഗമായ വാഗ് വര, ചിന്നക്കനാലിന്റെ ഉയർന്ന മേഖല തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ പൂത്ത കുറിഞ്ഞി ചെടികളെ കാണാനാവുന്നത്. ആദിവാസികൾ കുറിഞ്ഞി ചെടികളെ ഒരിക്കലും നശിപ്പിച്ചിരുന്നില്ല. കുറിഞ്ഞി ചെടി ഉണങ്ങി വിത്തുകൾ നിലത്ത് വീണ ശേഷം അടുത്ത വേനലിൽ മാത്രമേ വിറകിനും മറ്റും കുറിഞ്ഞികൾ ശേഖരിച്ചിരുന്നത്.


ഒരു വ്യാഴവട്ടം പൂർത്തിയാക്കി കൃത്യമായ ഇടവേളയോടെ, ലഭ്യമായ കണക്കുകളനുസരിച്ചു തൊണ്ണൂറ്റി നാലു വരെ പതിനാലു തവണ നീലക്കുറിഞ്ഞികൾ  പൂത്തതായി നാച്ചുറൽ ഹിസ്റ്ററി ജേണലുകൾ  സൂചിപ്പിക്കുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി പൂക്കുകയും പിന്നെ പന്ത്രണ്ടു വർഷം പൂക്കാതിരിക്കുകയും ചെയ്യുന്നതിന്റെയും രഹസ്യത്തെക്കുറിച്ച് ഇന്നു വരെയും സസ്യശാസ്ത്രഞ്ജന്മാർക്ക് ഒരു ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.


ഇടവേള തെറ്റിക്കാതെ നീലക്കുറിഞ്ഞികൾ  പിന്നെയും പൂക്കുകയാണ്. അതിന്റെ പ്രതീക്ഷയിൽ സഞ്ചാരികൾ പ്രവഹിക്കും. മൂന്നാർ  മുതൽ കൊടൈക്കനാൽ വരെയുള്ള മലനിരകളിലേക്ക്.....നീലക്കുറിഞ്ഞിയൊരുക്കുന്ന അപൂർവ സുന്ദരമായ കാഴ്ചയിലേക്ക്...

 


 

Latest News