അഗര്‍ത്തല- ബിജെപി ഭരിക്കുന്ന ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ പഠിക്കാനുമെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനേയും 22 പേരടങ്ങുന്ന അദ്ദേഹത്തിന്റെ സംഘത്തേയും ത്രിപുര പോലീസ് ഹോട്ടലില്‍ തടഞ്ഞുവച്ചു. തൃണമൂലിനു വേണ്ടി സംസ്ഥാനത്ത് ഏതാനും സര്‍വേകള്‍ നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ പാക്ക്) എന്ന പ്രശാന്തിന്റെ രാഷ്ട്രീയകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തകരെയാണ് തടഞ്ഞത്. ഇവര്‍ താമസിക്കുന്ന അഗര്‍ത്തലയിലെ ഹോട്ടലിന്റെ ലോബിയില്‍ ത്രിപുര പോലീസ് തിങ്കളാഴ്ച രാവിലെ മുതല്‍ ക്യാമ്പ് ചെയ്യുകയാണ്. ഐ പാക്ക് സംഘത്തിലെ ആരേയും പുറത്തിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇവരെ തടയുന്നതിന് പോലീസ് മതിയായ കാരണങ്ങളൊന്നും പറയുന്നില്ലെന്നും തങ്ങളുടെ പക്കല്‍ എല്ലാവിധ അനുമതികളും ഉണ്ടെന്നും ഐ പാക്ക് വൃത്തങ്ങള്‍ പറയുന്നു. ഐ പാക്ക് സംഘത്തെ ചോദ്യം ചെയ്യുന്നത് പതിവ് പരിശോധനയുടെ ഭാഗമാണെന്നാണ് പോലീസിന്റെ പ്രതികരണം. പുറത്ത് നിന്നെത്തിയ 22 പേര്‍ പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇവരുടെ യാത്രാ. താമസ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ ശ്രമവുമായി ദല്‍ഹിയിലെത്തിയ ദിവസമാണ് മമതയുടെ രാഷ്ട്രീയ ഉപദേശകന്‍ കൂടിയായ പ്രശാന്തിനേയും സംഘത്തേയും ഹോട്ടലില്‍ തടഞ്ഞത്. ദല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യശ്രമത്തില്‍ പ്രശാന്ത് കിഷോറിനും നിര്‍ണായ പങ്കുണ്ട്.
ഇത് ജനാധിപത്യത്തിനു നേര്‍ക്കുള്ള കടന്നാക്രമണം ആണെന്ന് ത്രിപുരയില്‍ തൃണമൂല്‍ അധ്യക്ഷന്‍ ആഷിഷ് ലാല്‍ സിംഘ പറഞ്ഞു. ബിജെപിയുടെ ദുര്‍ഭരണത്തില്‍ രാജ്യത്ത് ജനാധിപത്യം ആയിരം തവണ മരിച്ചിരിക്കുന്നുവെന്ന് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എം പി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എത്തുന്നതിനു മുമ്പ് തന്നെ ത്രിപുരയിലെ ബിജെപി ഭയന്നു എന്ന് വ്യക്തമാണെന്ന് അഭിഷേക് ബാനര്‍ജി എംപി പ്രതികരിച്ചു. ബംഗാളിലെ തൃണമൂല്‍ വിജയത്തില്‍ തകര്‍ന്നു പോയ ബിജെപി ഇപ്പോള്‍ ഐ പാക്ക് ജീവനക്കാരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഐ പാക്ക് സംഘം പഠിച്ചുവരികയാണ്.