കണ്ണൂർ - രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഐ.എൻ.എൽ പിരിച്ചു വിടണമെന്ന് ഐ.എൻ.എൽ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് അഷറഫ് പുറവൂർ ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.എൽ പിരിച്ചുവിട്ട് പ്രവർത്തകരെ സ്വതന്ത്രരായി വിടണം. ഐ.എൻ.എൽ എന്ന പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇബ്രാഹിം സുലൈമാൻ സേട്ട് വിഭാവന ചെയ്ത സങ്കൽപങ്ങളിൽ നിന്നും പൂർണമായി വ്യതിചലിച്ച പാർട്ടിയെ അധികാരത്തിനു വേണ്ടി പലരും ഹൈജാക്ക് ചെയ്തു. ഈ നേതാക്കൾ സേട്ട് സാഹിബിന്റെ ആശയങ്ങളെ ഖബറടക്കി അതിനു മേൽ മീസാൻ കല്ല് വെച്ചുകഴിഞ്ഞു. ഇരുപത്തിയേഴ് വർഷത്തിനിടയിൽ പ്രവർത്തകരുടെ കൗമാരവും യൗവനവും നേതാക്കൾക്കു വേണ്ടി അടിയറ വെച്ചു. ഇനി അവർക്ക് അവരുടെ വാർധക്യമെങ്കിലും തിരിച്ചു കൊടുക്കാൻ തയാറാവണം. ഐ.എൻ.എല്ലിൽ നിസ്വാർത്ഥരായ കുറച്ച് ആളുകൾ ഇപ്പോഴും ബാക്കിയുണ്ട്. സേട്ട് സാഹിബിന്റെ ആദർശം ചോർന്നിട്ടില്ലാത്ത നേതാക്കളെ ഡെമോക്രാറ്റിലേക്കു സ്വാഗതം ചെയ്യുന്നു -അഷറഫ് പറഞ്ഞു.
സേട്ട് സാഹിബ് സൗധത്തിനു വേണ്ടി 2014 ൽ പിരിച്ചെടുത്ത കോടികളടങ്ങുന്ന ഫണ്ട് ആരുടെ കൈവശമാണ് ഉള്ളതെന്ന് വ്യക്തമാക്കാൻ വഹാബും കാസിമും തയാറാവണം. പാർട്ടി പ്രവർത്തകരിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും പിരിച്ചെടുത്ത കോടികളുടെ കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഏഴു വർഷം പിന്നിട്ടിട്ടും സൗധത്തിനു വേണ്ടി ഇതുവരെ ഒരിഞ്ച് ഭൂമി പോലും വാങ്ങിയിട്ടില്ല. 2015 ൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയെ കൊണ്ടുവന്ന് കോഴിക്കോട്ട് പ്രതീകാത്മകമായ തറക്കല്ലിടൽ നടത്തിയെന്നു മാത്രം. ഇപ്പോഴത്തെ മന്ത്രി അഹമ്മദ് ദേവർകോവിലാണ് സൗധം നിർമാണ കമ്മിറ്റിയുടെ ചെയർമാൻ. ഈ തുക ആരുടെ കൈയിലാണ് ഉള്ളതെന്ന് വ്യക്തമാക്കണം.
പി.എസ്.സി അംഗത്വം നാൽപതു ലക്ഷത്തിനു വിറ്റതിനു പുറമെ, ഇടതുമുന്നണി പോലും അറിയാതെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ അദാനിയുടെ ഉദ്യോഗസ്ഥരുമായി മന്ത്രി ദേവർകോവിൽ ചർച്ച നടത്തിയത് അഴിമതി നടത്താനുള്ള വ്യഗ്രതയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനു രണ്ട് പേരിൽ നിന്നായി എത്ര ലക്ഷം വാങ്ങിയെന്ന് നേതാക്കൾ വ്യക്തമാക്കണം -അഷറഫ് ആവശ്യപ്പെട്ടു.
ഇരുപത്തിയഞ്ചു വർഷത്തോളം ഇടതുമുന്നണിക്കൊപ്പം നിന്നു പ്രവർത്തിച്ചുവെന്ന ഐ.എൻഎല്ലിന്റെ അവകാശവാദം പൊള്ളയാണ്. സേട്ട് സാഹിബിന്റെ കാലത്തു തന്നെ ഐ.എൻ.എൽ. യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. 1998 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിൽ ഐ.എൻ.എൽ യു.ഡി.എഫിനെയാണ് പിന്തുണച്ചത്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. സേട്ട് സാഹിബിന്റെ മരണ ശേഷം 2010 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തിയില്ലെന്നു പറഞ്ഞ് സ്വതന്ത്രമായി മത്സരിക്കുകയും യു.ഡി.എഫിനെ പിന്തുണയ്ക്കുകയുമായിരുന്നു പാർട്ടി ചെയ്തതെന്നു അഷറഫ് പുറവൂർ പറഞ്ഞു.