Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഴപ്പിലങ്ങാട്  ബീച്ച് നവീകരിച്ചു  

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്ട് ബീച്ചിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ബീച്ചിനോടനുബന്ധിച്ചുള്ള സെൻട്രൽ പാർക്ക് നവീകരിച്ചതോടെ കുടുംബ സമേതം ബീച്ചിലെത്തുന്നവർക്ക് വിശ്രമിക്കാനും കടലിന്റെ സായാഹ്ന സൗന്ദര്യം ആസ്വദിക്കാനും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 
നവീകരണത്തിന്റെ ഭാഗമായി ആവശ്യത്തിന് ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കഫ്തീരിയ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയതോടൊപ്പം പാർക്കിൽ വൈകി സമയം ചെലവഴിക്കുന്നവർക്കായി വിളക്കുകൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സംവിധാനങ്ങളോടു കൂടിയ ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്.
നേരത്തേ ഡ്രൈവ് ഇൻ ബീച്ചിൽ വാഹന സവാരി മാത്രം ലക്ഷ്യമാക്കിയായിരുന്നു മുഴപ്പിലങ്ങാട്ടേക്ക് സന്ദർശകരെത്തിയിരുന്നത്. എന്നാൽ പുതിയ നവീകരണ പ്രവൃത്തികൾ  പൂർത്തിയായതോടെ കുടുംബ സമേതം സായാഹ്നങ്ങൾ ആസ്വദിക്കാനെത്തുന്നവരെ കൂടി ഇവിടേക്ക് കൂടുതലായി ആകർഷിക്കാനാവുന്നു. കാറ്റാടി മരങ്ങളെ തഴുകിയെത്തുന്ന തണുത്ത കാറ്റും അസ്തമയ സൂര്യന്റെ ചുവപ്പിൽ കുളിച്ച കടലിന്റെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാൻ അവസരം നൽകി ഏറെ വൈകിയാണ് പാർക്ക് അടയ്ക്കുകയെന്ന സവിശേഷതയുമുണ്ട്. 
മുഴപ്പിലങ്ങാട് ബീച്ചിലെ ക്വാഡ് ബൈക്കുകളാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഒരാൾക്ക് മാത്രം ഇരിക്കാവുന്നതും രണ്ട് പേർക്ക് സഞ്ചരിക്കാവുന്നതുമായി ക്വാഡ് ബൈക്കുകൾ വാടകയ്‌ക്കെടുക്കാൻ പാർക്കിന്റെ പ്രവേശന കവാടത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഡബിൾ സീറ്ററിന് 400 രൂപയും സിങ്കിൾ സീറ്ററിന് 250 രൂപയുമാണ് വാടക. സെൻട്രൽ പാർക്കിൽ പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ മാസം ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിയ ബീച്ച് മാരത്തൺ മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രശസ്തി പുറംനാടുകളിലെത്തിക്കാൻ സഹായകമായിട്ടുണ്ട്. വൻ ജനപങ്കാളിത്തമായിരുന്നു പരിപാടിക്ക് ലഭിച്ചത്.  

 

Latest News