ന്യൂദല്‍ഹി- ജൂലൈ അവസാനത്തോടെ 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യവും നടക്കില്ലെന്ന് ഉറപ്പായി. ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പ്പാദകരയാ ഭാരത് ബയോടെക്കിന് മതിയായ തോതില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്ര ഡോസുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനാവില്ലെന്ന് സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 43 കോടി ഡോസുകളാണ് ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്യപ്പെട്ടത്. ചൈന ഒഴികെ മറ്റൊരു രാജ്യവും ഇത്രയധികം ഡോസുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ജനസംഖ്യാ ആനുപാതികമായി നോക്കിയാല്‍ ഇന്ത്യ മറ്റു പല രാജ്യങ്ങളേക്കാളും പിറകിലാണ്.
ജൂലൈ അവസാനത്തോടെ 51.6 കോടി ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഡിസംബറോടെ 94.4 കോടി മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂലൈയിലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇനിയുള്ള ദിവസം ദിനം പ്രതി ഇപ്പോള്‍ നല്‍കി വരുന്നതിന്റെ മൂന്നിരട്ടിയിലേറെ ഡോസുകള്‍ വിതരണം ചെയ്യണം. എന്നാല്‍ ഇതു സാധ്യമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ വിതരണ കണക്കുകള്‍ വളരെ പിന്നിലാണ്. ജൂലൈ, ഓഗസ്റ്റ് മുതല്‍ പ്രതിമാസം 7 കോടി വരെ ഡോസ് കോവാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂലൈയില്‍ ഭാരത് ബയോടെക്ക് വിതരണം ചെയ്തത് 2.5 കോടി ഡോസ് മാത്രമാണ്. ഓഗസ്റ്റില്‍ 3.5 ഡോസും. ബെംഗളുരുവില്‍ പുതിയ ഉല്‍പ്പാദന കേന്ദ്രം പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതാണ് പ്രശ്‌നമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഈ വിതരണക്കുറവ് വാക്‌സിനേഷന്‍ പദ്ധതിയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വേണ്ടത്ര വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാതെ എങ്ങനെ വാക്‌സിന്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞില്ല.