കൊല്‍ക്കത്ത- ബംഗാളിലെ പെഗാസസ് ഫോണ്‍ ചോര്‍ത്തലും രഹസ്യ നിരീക്ഷണവും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ലോക്കൂര്‍, കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാരാച്യ എന്നിവരടങ്ങിയ കമ്മീഷനെ ആണ് നിയമിച്ചത്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രി മമത ഈ തീരുമാനമെടുത്തത്. കമ്മീഷന് മന്ത്രിസഭ അനുമതി നല്‍കി. പശ്ചിമ ബംഗാളില്‍ നടന്ന നിയമവിരുദ്ധമായ ഹാക്കിങ്, നിരീക്ഷണം, രഹസ്യനിരീക്ഷണം, ഫോണ്‍ ചോര്‍ത്തല്‍, റെക്കോര്‍ഡിങ് എന്നിവയാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്.
പെഗാസസ് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്പക്ഷ അന്വേഷണം നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് മമത പറഞ്ഞു. കേന്ദ്രം അന്വേഷിക്കാന്‍ തയാറാകാത്തതിനാലാണ് സംസ്ഥാനം അന്വേഷിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
മമതയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നു.