ചെന്നൈ- ദളിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയുടെ പത്രസമ്മേളനത്തിൽനിന്ന് മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി. റിപ്പബ്ലിക് ടി.വിയുടെ മൈക്ക് മാറ്റാൻ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടതാണ് മറ്റു മാധ്യമപ്രവർത്തകരെ പ്രകോപിപ്പിച്ചത്. റിപ്പബ്ലിക് ടി.വിയെ അനുവദിക്കില്ലെങ്കിൽ പത്രസമ്മേളനം വേണ്ടെന്ന് മറ്റ് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അങ്ങിനെ ചെയ്യാൻ ജിഗ്നേഷ് ആവശ്യപ്പെട്ടു. ചെന്നൈയിലെ ഖാഇദേ മില്ലത്ത് ഇന്റർനാഷണൽ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസിലാണ് സംഭവം. ഇവിടുത്തെ വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയതായിരുന്നു മേവാനി. രണ്ടു മണിക്കൂർ നേരത്തെ സംവാദത്തിന് ശേഷമായിരുന്നു പത്രസമ്മേളനം.
പത്രസമ്മേളനത്തിനിടെ റിപ്പബ്ലിക് ടി.വിയുടെ മൈക്ക് കണ്ട ജിഗ്നേഷ് ആരാണ് റിപ്പബ്ലിക് ടി.വിയുടെ ലേഖകൻ എന്ന് ചോദിക്കുകയായിരുന്നു. അവരോട് സംസാരിക്കാൻ താൽപര്യമില്ലെന്നും മൈക്ക് മാറ്റാനും ആവശ്യപ്പെട്ടു. എന്നാൽ ഇത് പൊതുപത്രസമ്മേളനമാണെന്നും എക്‌സ്‌ക്ലൂസിവ് അഭിമുഖമല്ലെന്നും പറഞ്ഞ് മറ്റ് മാധ്യമപ്രവർത്തകർ പറഞ്ഞെങ്കിലും നിലപാട് മാറ്റാൻ ജിഗ്നേഷ് തയ്യാറായില്ല.
റിപ്പബ്ലിക് ടി.വിയുമായി സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്നും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി. എന്നാൽ അങ്ങിനെ ആവശ്യപ്പെടാൻ താങ്കൾക്ക് അവകാശമില്ലെന്നും പത്രസമ്മേളനം നടത്തേണ്ടതില്ലെന്നും താങ്കൾക്ക് പോകാമെന്നും ചില മാധ്യമപ്രവർത്തകർ തിരിച്ചുപറഞ്ഞു. ഇതോടെ പത്രസമ്മേളനം നടത്തുന്നില്ലെന്ന് പറഞ്ഞ് ജിഗ്നേഷ് മേവാനി മടങ്ങി.