ന്യൂദല്‍ഹി- അതിവിപുലമായ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്താണ്? ചില കാര്യങ്ങള്‍ പതുക്കെ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ലോക്‌സഭയുടെ അംഗസംഖ്യ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ്. തനിക്ക് വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നാണ് വിവരം കിട്ടിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ലോക്‌സഭാ എം.പിമാരുടെ എണ്ണം ആയിരമോ അതിലധികമോ ആക്കാനാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്നും തിവാരി പറയുന്നു.
ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ പ്രതികരണം.
2024-ന് മുന്‍പ്, ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ബി.ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പ് ഗൗരവമായി ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്- ട്വീറ്റില്‍ പറയുന്നു.
എം.പിമാരുടെ ജോലി രാജ്യത്തിനു വേണ്ടി നിയമനിര്‍മാണം നടത്തുക എന്നതാണ്. ഇക്കാര്യം ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്നുണ്ട്. വികസനകാര്യങ്ങള്‍ നടപ്പാക്കുന്നതിന് നിയമസഭകള്‍ നേതൃത്വം വഹിക്കുന്ന, 73, 74 ഭരണഘടനാ ഭേദഗതികളുണ്ട്. ലോക്സഭയുടെ അംഗസംഖ്യ ആയിരമായി വര്‍ധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കില്‍ അതിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തിവാരി പറഞ്ഞു.
ശരിയാണോ എന്ന് അറിയില്ലെങ്കിലും അംഗസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്നിലൊന്ന് സംവരണത്തിനായി അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആകാന്‍ കാത്തിരിക്കുന്നത് എന്തിനെന്നും നിലവിലെ 543 ല്‍ മൂന്നിലൊന്ന് സംവരണം നല്‍കിക്കൂടേയെന്നും തിവാരി ചോദിച്ചു.
I am reliably informed by Parlimentary colleagues in @BJP4India that there is a proposal to increase strength of Lok Sabha to 1000 or more before 2024. New Parliament Chamber being constructed as a 1000 seater.
— Manish Tewari (@ManishTewari) July 25, 2021
Before this is done there should be a serious public consultation.