Sorry, you need to enable JavaScript to visit this website.

ഹജ് സബ്‌സിഡി നിര്‍ത്തലാക്കി; തുക വിദ്യഭ്യാസത്തിന് ചെലവഴിക്കുമെന്ന് മന്ത്രി 

ന്യൂദല്‍ഹി- ഹജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സബ്‌സിഡി നിര്‍ത്താലക്കുകയാണെങ്കിലും ഈ വര്‍ഷം റെക്കോര്‍ഡ് തീര്‍ഥാടകരാണ് ഹജ് നിര്‍വഹിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പഞ്ഞു.
പുതിയ ഹജ് നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കിയത്. 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്.  പ്രീണനമില്ലാതെ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെന്ന്  മന്ത്രി മുക്താര്‍ നഖ് വി അവകാശപ്പെട്ടു. 
2022 ഓടെ ഹജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

2017 ലെ ഹജ് നയത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. വിമാനയാത്രയ്ക്കും മറ്റുമുള്ള ചെലവുകള്‍ക്കാണ് പ്രധാനമായും സബ്‌സിഡി നല്‍കിവന്നിരുന്നത്. 
ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഇത് ഘട്ടം ഘട്ടമായി മാത്രമേ നിര്‍ത്തലാക്കാവു എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നുവെങ്കിലും ഒറ്റയടിക്ക് തന്നെ സബ്‌സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇ ഈ വര്‍ഷം മുതല്‍ സബ്‌സിഡി അവസാനിപ്പിക്കുമെങ്കിലും ഇതിലൂടെ ലാഭിക്കുന്ന തുക മുസ്്‌ലിം വനിതകളുടെ ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു.
1,75,000 പേരാണ് ഇത്തവണ ഇന്ത്യയില്‍നിന് ഹജിന് പോകുന്നത്. നാലുലക്ഷം പേരാണ് ഇത്തവണ ഹജിന് പോകാന്‍ അപേക്ഷിച്ചിരുന്നത്. ഹാജിമാര്‍ക്ക് പോകുന്നതിന് മുംബൈ-ജിദ്ദ കപ്പല്‍ മാര്‍ഗം പുനരുജ്ജീവിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. 

Latest News