ന്യൂദൽഹി- സുപ്രീം കോടതിയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ആദ്യപടിയെന്നോണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാലു മുതിർന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഈ നാലു ജഡ്ജിമാരും ഉയർത്തിയ വിഷയങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്നതിനാൽ ചർച്ച ബുധനാഴ്ചയും തുടരുമെന്നാണ് സൂചന. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത ചീഫ് ജസ്റ്റിസ് തന്നെയാണ് ഇവരെ ചർച്ചയ്ക്കു വിളിച്ചത്. പ്രതിസന്ധി പരിഹരിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പ്രതിസന്ധി തുടരുകയാണെന്ന് തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങൾക്കം പ്രതിസന്ധി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരെയും കണ്ടത്.
ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രജ്ഞൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച വാർത്താ സമ്മേളനം നടത്തി സുപ്രിം കോടതിയിലെ കേസ് വിതരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയത്. ഞായറാഴ്ച ചീഫ് ജസ്റ്റിസ് ഏഴംഗ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘത്തെ കണ്ടിരുന്നു.