Sorry, you need to enable JavaScript to visit this website.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കേണ്ടി വരും 

തലശ്ശേരി-ഇന്ത്യന്‍ നാഷണല്‍ ലീഗിലെ പിളര്‍പ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ രാജിയില്‍ കലാശിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഐഎന്‍എല്ലിലെ തര്‍ക്കത്തില്‍ സിപിഎം നേരത്തെ ഇടപെടുകയും നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അവിടം കൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. ഒടുവില്‍ മുന്നണിക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലേക്ക് വളര്‍ന്ന പ്രശ്‌നത്തില്‍ സിപിഎം എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. പ്രബല വിഭാഗം എന്നതിനാല്‍ അബ്ദുള്‍ വഹാബിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചാല്‍ കാസിം ഇരിക്കൂര്‍ വിഭാഗം പുറത്താവും. മാത്രമല്ല അഹമ്മദ് ദേവര്‍ കോവിലിന് മന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്യും. അതേസമയം അഹമ്മദ് ദേവര്‍ കോവില്‍ പുറത്ത് പോയാല്‍ ഒരു എംഎല്‍എയുടെ പിന്തുണ മുന്നണിക്ക് നഷ്ടമാവുകയും ചെയ്യും. 2006 ല്‍ കോഴിക്കോട് സൗത്തില്‍ നിന്നും പിഎംഎ സലാം ഐഎന്‍എല്‍ ടിക്കറ്റില്‍ വിജയിച്ചിരുന്നു. അന്നും പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവുകയും പിഎംഎ സലാം ലീഗിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു. സമാനമായ  സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മുന്നണിയില്‍ നിന്നും പുറത്താക്കിയാല്‍ അഹമ്മദ് ദേവര്‍ കോവിലും കാസിം ഇരിക്കുറും ലീഗിലേക്ക് പോവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എല്‍ഡിഎഫ് അംഗീകാരം ലഭിച്ചാലുടന്‍ അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് വഹാബ് പക്ഷം ആവശ്യപ്പെടും. തുടര്‍ന്ന് ഐഎന്‍എല്‍ അക്കൗണ്ടില്‍ പിടിഎ റഹീം എംഎല്‍എയെ മന്ത്രിയാക്കാനും നീക്കമുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മത്സരിച്ച ഐഎന്‍എല്ലിന് കോഴിക്കോട് സൗത്ത് സീറ്റില്‍ വിജയിക്കാന്‍ സാധിച്ചു. സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലായിരുന്നു വിജയി. തുടര്‍ന്ന് ടേം വ്യവസ്ഥയിലാണെങ്കിലും ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കാന്‍ മുന്നണി തീരുമാനിച്ചതോടെ പാര്‍ട്ടിക്ക് ആദ്യമായി സംസ്ഥാന മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ ാധിച്ചു.  അന്ന് മുതല്‍ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇന്നത്തെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. ഏക എംഎല്‍എയായ അഹമ്മദ് ദേവര്‍ കോവില്‍ കാസിം ഇരിക്കൂര്‍ പക്ഷക്കാരനാണ്. എന്നാല്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം എപി അബ്ദുള്‍ വഹാബിനൊപ്പവും. പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലിലെ 112 അംഗങ്ങളില്‍ 72 പേര്‍ കൂടെയുണ്ടെന്നാണ് വഹാബ് പക്ഷം അഭിപ്രായപ്പെടുന്നു. 62 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ 32 പേരും കൂടെയുണ്ടെന്നും അബ്ദുള്‍ വഹാബ് വ്യക്തമാക്കി. നിലവിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിം ലീഗിന്റെ നീക്കമുണ്ടെന്നാണ് ഇരു വിഭാഗവും ആരോപിക്കുന്നത്. ഐഎന്‍എല്‍ പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത് കാസിം ഇരിക്കൂറും വഹാബും ഒരു പോലെ ഉയര്‍ത്തിക്കാട്ടുന്നുവെന്നതും ശ്രദ്ധേയമാണ്. 
 

Latest News