ന്യൂദൽഹി- കേന്ദ്ര സർക്കാറിനും ഗുജറാത്ത് ഗവൺമെന്റിനുമെതിരെ കലാപക്കൊടിയുമായി വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ. തന്നെ നിശബ്ദനാക്കാനാണ് സർക്കാറുകൾ ശ്രമിക്കുന്നതെന്ന് തൊഗാഡിയ ആരോപിച്ചു. രാമക്ഷേത്രം, പശു കശാപ്പ് എന്നീ വിഷയങ്ങളിൽ തന്നെ ഒറ്റപ്പെടുത്തി അക്രമിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തു കൊല്ലം മുമ്പുള്ള കേസിലാണ് തന്നെ ലക്ഷ്യം വെക്കുന്നത്. രാജസ്ഥാൻ പോലീസാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയത്. ഏറ്റുമുട്ടലിൽ തന്നെ വധിക്കാൻ പദ്ധതിയിട്ടതായി ചിലരിൽനിന്നറിയാൻ സാധിച്ചുവെന്നും വികാരാധീനനായി തൊഗാഡിയ പറഞ്ഞു.
തീവ്രഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രവീൺ തൊഗാഡിയയെ കാണാനില്ലെന്നാരോപിച്ച് വിഎച്ച്പി പ്രവർത്തകർ രാജസ്ഥാൻ പോലീസിനെതിരെ പ്രതിഷേധിക്കുന്നതിനിടെ തൊഗാഡിയയെ ബോധരഹിതനായ നിലയിൽ ഗുജറാത്തിലെ അഹമദാബാദിലെ ആശുപത്രിയിൽ കണ്ടെത്തിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യ സ്ഥിതി മോശമാകാൻ കാരണമെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നാരോപിച്ച് വിഎച്ച്പി നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്തതാണെന്നാരാപിച്ച് നിരവധി വിഎച്ച്പി പ്രവർത്തകർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
ബിജെപിയിലെ ചില ഉന്നതർ തന്നെ ജയിലിലടക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഇതിൽ ആശങ്കയുണ്ടെന്നും കഴിഞ്ഞയാഴ്ച് തൊഗാഡിയ പറഞ്ഞിരുന്നു. തിങ്കളാഴ്ച കാണാതായതോടെ ഈ സംശയം ബലപ്പെട്ടതാണ് വിഎച്ച്പി പ്രവർത്തകരെ പ്രകോപിതരാക്കിയത്. പത്തു വർഷം മുമ്പ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കാണാതായത്. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും എങ്കിൽ എവിടെയാണ് ഗുജറാത്ത് പോലീസ് പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
രാവിലെ 10.45ന് അഹമദാബാദിലെ വിഎച്പി ഓഫീസിൽ നിന്നിറങ്ങി ഒരു ഓട്ടോയിലാണ് അദ്ദേഹം പോയത്. ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം കൂടെ കൂട്ടിയിരുന്നില്ല.