എടക്കര- കാലവർഷം ശക്തമായതോടെ മലയോരമേഖലയിലെ ജനങ്ങൾ ആശങ്കയിൽ. പോത്തുകൽ പഞ്ചായത്തിലെ പാതാർ, അതിരുവീട്ടി, മലാംകുണ്ട്, വാളംകൊല്ലി പ്രദേശങ്ങളിലെ നൂറുക്കണക്കിനു കുടുംബങ്ങളാണ് മഴക്കാലത്തെ ഭീതിയോടെ നോക്കിക്കാണുന്നത്. 2018-19 കാലയളവിൽ മേഖലയിലുണ്ടായ ദുരന്തങ്ങളാണ് കുടിയേറ്റ ജനതയെ ആശങ്കയിലാഴ്ത്തുന്നത്. 2019 ലെ മഹാപ്രളയത്തിൽ ഗർഭം കലക്കി മലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു ഇഴുവാത്തോട് കരകവിഞ്ഞൊഴുകി പാതാർ അടങ്ങാടിയും നിരവധി വീടുകളും നാമാവശേഷമായിരുന്നു. ജനങ്ങൾ മുൻകരുതലെടുത്തതിനാൽ ആളപായമുണ്ടായില്ല.
പാതാർ അങ്ങാടിയും പാലവും പുനർനിർമിച്ചെങ്കിലും ഉരുൾപൊട്ടലിൽ തകർന്ന അതിരുവീട്ടി പാലം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. 25 വർഷം മുമ്പ് പാതാറിനു മുകളിലായി വാളംകൊല്ലിയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്. അതിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ പോലും കഴിഞ്ഞില്ല. ഈ ദുരന്തസ്മരണകളാണ് പാതാർ നിവാസികളെ ഓരോ വർഷകാലത്തും ആശങ്കാകുലരാക്കുന്നത്. മഴക്കാലത്ത് മിക്ക കുടുംബങ്ങളും സർവതും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലോ, ബന്ധു വീടുകളിലേക്കോ താമസം മാറ്റും. മഴക്കാലം മാറുന്നതോടെ വീണ്ടും സ്വപ്നഭൂമിയിലേക്കു ചേക്കേറും. കാലങ്ങളായി ഈ ദുരവസ്ഥയിലാണ് പാതാർ മേഖലയിലെ നൂറുണക്കിനു കുടുംബങ്ങൾ. വർഷങ്ങളുടെ അധ്വാനംകൊണ്ട് നേടിയതെല്ലാം ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ടും മേഖലയിൽ ഭൂമി വാങ്ങാൻ ആളുകളില്ലാത്തതും ഈ കുടുംബങ്ങളെ ഇവിടെനിന്നു മാറാൻ അനുവദിക്കുന്നില്ല. സർവതും സഹിച്ച് അതിജീവനത്തിനു വേണ്ടി പോരാടുകയാണിവർ. പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടതിനാൽ അതിശക്തമായ മഴയുണ്ടായാൽ ഭൂമി നിരങ്ങി നീങ്ങുന്ന പ്രതിഭാസവും ഉരുൾപൊട്ടലും ഇവിടെ ഉണ്ടാകുമെന്നു ജിയോളജി വകുപ്പടക്കം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പുനരധിവാസം സംബന്ധിച്ച് യാതൊരു നടപടികളും നാളിതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല.