ഗുവാഹത്തി- അസമില്‍ രണ്ടു ദിവസത്തിനിടെ 24 റോഹിംഗ്യ അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പതു പേരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷന്റെ വ്യാജ ഐഡി കാര്‍ഡുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. അഗര്‍ത്തല-ദിയോഗഡ് എക്‌സപ്രസില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ജമ്മുവിലെ നര്‍വാല്‍ സ്വദേശി അമാനുല്ല എന്നയാളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കരിംഗഞ്ച് ജില്ലയിലെ ബദര്‍പൂരില്‍ നിന്ന് 15 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ആറു കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെയാണ് പിടിയിലായത്. ഇവരുടെ പക്കല്‍ ഒരു രേഖയും ഉണ്ടായിരുന്നില്ല. യുപിയില്‍ അലിഗഢില്‍ നിന്ന് വന്നവരായിരുന്നു ഇവര്‍. ഇവിടെ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ബംഗ്ലദേശിലേക്ക് തിരിച്ചു പോകുന്നവരായിരുന്നു ഇവര്‍.
തെക്കന്‍ അസമിലെ കരിംഗഞ്ച് ജില്ല ബംഗ്ലദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. നിയമ വിരുദ്ധമായി ഇന്ത്യയിലെത്തുന്ന റോഹിംഗ്യ അഭയാര്‍ത്ഥികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.