മോഡി വിപ്ലവകാരിയായ നേതാവ്- നെതന്യാഹു
ന്യൂദല്‍ഹി- ഇസ്രായിലുമായി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതടക്കം ഒമ്പതു കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. സൈബര്‍ സുരക്ഷ, എണ്ണ- പ്രകൃതി വാതകം എന്നിവ മുതല്‍ സിനിമാ നിര്‍മാണവും ഹോമിയോപ്പതിയും കരാറുകളില്‍ ഉള്‍പ്പെടുന്നു.
ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യയും ഇസ്രായിലും കൈകോര്‍ത്ത് പോരാടുമെന്നും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോഡിയും ബെന്‍യാമിന്‍ നെതന്യാഹുവും പ്രഖ്യാപിച്ചു.
ഇന്ത്യയെ ഭാവിയിലെ ഉന്നത സ്ഥാനത്തേക്ക് നയിക്കുന്ന വിപ്ലകാരിയായ നേതാവാണ് നരേന്ദ്ര മോഡിയെന്ന് നെതന്യാഹു പറഞ്ഞു. 3,000 വര്‍ഷത്തെ ചരിത്രമുള്ള ഇസ്രായില്‍ സന്ദര്‍ശിച്ച ഇന്ത്യയിലെ ആദ്യ നേതാവാണ് മോഡി. അതിനാല്‍ തന്നെ ഇന്ത്യയുമായുള്ള സഹകരണം പുതിയ ചരിത്ര തലത്തിലേക്ക് വളര്‍ത്തും. വളരെ സവിശേഷമായ ബന്ധമാകുമത്. സാമ്പത്തിക, വ്യവസായ മേഖലകളിലും വലിയ തോതില്‍ സഹകരിക്കും. - സംയുക്ത പത്രസമ്മേളനത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ നാം ഒരിക്കലും പിന്നോട്ടില്ലെന്നും തിരിച്ചടിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്.- നെതന്യാഹു വ്യക്തമാക്കി. മുംബൈ സന്ദര്‍ശിക്കുമ്പോള്‍ ഭീകരാക്രമണത്തില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ബേബി മോഷെയും ഇസ്രായില്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. അന്ന് കുട്ടിയായിരുന്ന മോഷെ ഇന്ന് വളര്‍ന്ന് വലുതായതായി മുംബൈയിലെ ജൂത റബ്ബി കോസ്ലോവ്‌സ്‌കി പറഞ്ഞു.
മോഡിയുമൊന്നിച്ച് യോഗ ക്ലാസില്‍ പങ്കെടുക്കാനും ബോളിവുഡ് സിനിമ ആസ്വദിക്കാനും എപ്പോഴും തയാറാണെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇസ്രായില്‍ പ്രധാനമന്ത്രിയെ പ്രോട്ടോകോള്‍ മറന്ന് വിമാനത്താവളത്തില്‍ ചെന്നു സ്വീകരിച്ച പ്രധാനമന്ത്രി മോഡി, ഇസ്രായിലുമായുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും കരാറുകളും ധാരണാപത്രങ്ങളുമാണ് ഇന്നലെ പ്രാബല്യത്തിലാക്കിയത്.
ഇന്ത്യ- ഇസ്രായില്‍ സഹകരണം വലിയ ഉന്നതിയിലേക്ക് നയിക്കുന്നതില്‍ താനും നെതന്യാഹുവും പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇസ്രായിലില്‍നിന്ന് ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടുവരും. ഇന്ത്യയുടെ ഉദാരമായ പ്രതിരോധ സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ ഇസ്രായിലിനെ ക്ഷണിക്കുകയാണ്. കൃഷിയിലും ശാസ്ത്ര- സാങ്കേതിക വിദ്യകളിലുമാകും ഊന്നലെന്നും മോഡി വ്യക്തമാക്കി.
തലസ്ഥാന നഗരിയിലെ തീന്‍ മൂര്‍ത്തി ജംഗഷ്‌ന്റെ പേര് ഇസ്രായിലിലെ ഹൈഫ നഗരവുമായി ചേര്‍ത്ത് തീന്‍മൂര്‍ത്തി- ഹൈഫ ചൗക്ക് എന്ന് പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങില്‍ ഇരുനേതാക്കളും സംബന്ധിച്ചു. ഇസ്രായിലില്‍ നിന്നെത്തിയ 150 അംഗ ബിസിനസ് സംഘവും ഇന്ത്യന്‍ വ്യവസായികളുമായി ഇന്നലെ രാത്രി നടന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. വാണിജ്യ, വ്യാപാര മേഖലയില്‍ ഇന്ത്യന്‍ വിപണിയെ ഉപയോഗപ്പെടുത്തുമെന്ന് ഇസ്രായില്‍ വ്യവസായികള്‍ പറഞ്ഞു.