സിഡ്‌നി- കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ പല നഗരങ്ങളിലും ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. മാസ്‌ക് പോലു ധരിക്കാതെയാണ് പലയിടത്തും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും കോവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. പലയിടത്തും പോലീസ് സ്ഥാപിച്ച ബാരിയറുകള്‍ ഭേദിക്കുകയും പോലീസിനു നേരെ കുപ്പിയെറിഞ്ഞുമാണ് പ്രതിഷേധമുണ്ടായത്. സിഡ്‌നിയില്‍ മാസ്‌ക് ധരിക്കാത്ത പ്രതിഷേധക്കാര്‍ വിക്ടോറിയ പാര്‍ക്കില്‍ നിന്നും ടൗണ്‍ ഹാളിലേക്ക് മാര്‍ച്ച് ചെയ്തു. നഗരത്തില്‍ ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു. കലാപ സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കവും നടത്തിയിരുന്നു. നിയമം ലംഘിച്ച് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും മാനിക്കുന്നുണ്ടെങ്കിലും പൊതുജനാരോഗ്യ ഉത്തരവുകള്‍ ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് മുന്തിയ പരിഗണനയെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഒരു ദിവസം 163 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഗ്രെയ്റ്റര്‍ സിഡ്‌നി നാലാഴ്ചയായി ലോക്ഡൗണിലാണ്. അത്യാവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങാനെ പൊതുജനങ്ങള്‍ക്ക് അനുമതി ഉള്ളൂ. മെല്‍ബണിലും ആയിരങ്ങള്‍ മാസ്‌ക് പോലും ധരിക്കാതെ പ്രതിഷേധിച്ചു. ഈ പ്രതിഷേധം വൈറസിനെതിരെ അല്ലെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്ത് സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ക്കെതിരെ ആണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.