ഹൈദരാബാദ്- ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ബ്രസീലിലേക്ക് കയറ്റുമതി ചെയ്യാനുള്ള കരാര്‍ അവസാനിപ്പിച്ചതായി ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി ഭാരത് ബയോടെക്ക് അറിയിച്ചു. രണ്ട് കോടി കോവാക്‌സിന്‍ ഡോസുകള്‍ ബ്രസീലിന് നല്‍കാനുള്ള 32.4 കോടി ഡോളറിന്റെ കരാറാണ് അവസാനിപ്പിച്ചത്. രണ്ട് ബ്രസീല്‍ കമ്പനികളുമായി ഭാരത് ബയോടെക്ക് ഉണ്ടാക്കിയ കരാറിനെ ചൊല്ലി ബ്രസീലില്‍ വലിയ അഴിമതി ആരോപണവും പ്രസിഡന്റ് ജയിര്‍ ബോല്‍സൊനാരോയെക്കെതിരെ രാഷ്ട്രീയ കോലാഹലവും ഉണ്ടായിരുന്നു. ഈ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ബ്രസീലില്‍ അന്വേഷണവും നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഭാരത് ബയോടെക്ക് കരാര്‍ അവസാനിപ്പിച്ചത്. കരാര്‍ അവസാനിപ്പിച്ചെങ്കിലും ബ്രസീലില്‍ കോവാക്‌സിന് അനുമതി ലഭിക്കുന്നതിന് ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ അന്‍വിസയുമായി സഹകരിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിയമപരമായി കോവാക്‌സിന് അനുമതി ലഭ്യമാക്കാനായി ശ്രമിച്ചു വരികയാണെന്നും കമ്പനി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ വാങ്ങാനുള്ള നീക്കത്തിനു പിന്നില്‍ നിയമവിരുദ്ധമായ നീക്കങ്ങളുണ്ടെന്ന് സംശയിക്കുന്നതായി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനായ റികാര്‍ഡോ മിറാന്‍ഡ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കരാര്‍ വിവാദത്തിലായത്. ഉയര്‍ന്ന വിലയും പെട്ടെന്നുള്ള തീരുമാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. കുറഞ്ഞ വിലയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മികച്ച വാക്‌സിന്‍ ലഭിക്കുമെന്നിരിക്കെ ലോകാരോഗ്യ സംഘടനയുടെ അനുമതി ഇല്ലാത്ത ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ ഉയര്‍ന്ന വില നല്‍കി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു ആരോപണം. ബ്രസീല്‍ പാര്‍ലമെന്റ് സമിതിയും ഈ ഇടപാട് അന്വേഷിക്കുന്നുണ്ട്.