വാരാണസി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണസിയിലെ സ്വപ്‌ന പദ്ധതിയായ കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനു വേണ്ടി ഗ്യാന്‍വാപി മസ്ജിദ് അധികാരികള്‍ പള്ളിയുടെ ഭൂമി കാശി വിശ്വനാഥ ക്ഷേത്രത്തിനു വിട്ടു നല്‍കി. പള്ളി കെട്ടിടത്തിനു തൊട്ടുമുന്നിലുള്ള 1700 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്രത്തിനു കൈമാറിയത്. പകരം ക്ഷേത്രം അധികാരികള്‍ 1000 ചതുരശ്ര അടി ഭൂമി മറ്റൊരിടത്ത് പള്ളി അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. രണ്ട് ഭൂമിക്കും തുല്യ വിലയാണെന്ന് പള്ളിക്കമ്മിറ്റിയായ അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോയിന്റ് സെക്രട്ടറി എസ് എം യാസിന്‍ പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിനു വിട്ടുകൊടുത്ത ഭൂമി നേരത്തെ ഒരു പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിന് പള്ളിക്കമ്മിറ്റി പാട്ടത്തിനു നല്‍കിയതായിരുന്നു. 1993 മുതല്‍ ഇവിടെ ക്ഷേത്രത്തിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇപ്പോള്‍ ഈ ഭൂമി പൂര്‍ണമായും ക്ഷേത്രത്തിന്റേതായി.
കാശി വിശ്വനാഥ് ഇടനാഴി നിര്‍മാണത്തിന് ഈ ഭൂമി ആവശ്യമായി വന്നതോടെ ക്ഷേത്ര കമ്മിറ്റി ഭൂമി ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴി വികസിപ്പിക്കുന്നതിനാണ് ഈ ഭൂമി ആവശ്യപ്പെട്ടത്. ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യം ചര്‍ച്ച ചെയ്യുകയും എല്ലാവരുടേയും അനുമതി തേടുകയും ചെയ്ത ശേഷമാണ് ഭൂമി വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നും യാസിന്‍ പറഞ്ഞു. ഈ ഭൂമി കൈമാറ്റം ഇരുസമുദായങ്ങള്‍ക്കും സാഹോദര്യത്തിന്റെ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പള്ളി നിലനില്‍ക്കുന്ന ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ഇതിനായി കോടതിയിലെ കേസുമായി മുന്നോട്ടു പോകുമെന്നും യാസിന്‍ കൂട്ടിച്ചേര്‍ത്തു.
മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ച പള്ളിയാണ് ഗ്യാന്‍വാപി മസ്ജിദെന്നാണ് സംഘപരിവാര്‍ വാദം. ഈ വാദം ഉന്നയിച്ച് പള്ളി പൊളിക്കണമെന്നും സംഘ് പരിവാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കാശി വിശ്വനാഥ ക്ഷേത്രവും ഗ്യാന്‍വാപി മസ്ജിദും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെ കൊണ്ട് സര്‍വെ ചെയ്യിപ്പിക്കണമെന്ന് രണ്ടു മാസം മുമ്പ് വാരണസിയെ ഒരു കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരിവിട്ടിരുന്നു. ഗ്യാന്‍വാപി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വി എസ് രസ്‌തോഗി എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഈ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്തിരുന്നു.