കയ്‌റോ- ലോക്ക് ചെയ്ത കാറിനുള്ളില്‍ യൂബര്‍ ഡ്രൈവറെയും കാമുകിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലാണ് സംഭവം. അല്‍ ഹറാമിലെ ഒരു ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് 27കാരനായ ഡ്രൈവറുടെയും ഇരുപത്തൊന്നുകാരിയുടെയും മൃതദേഹം കണ്ടെത്തിയതെന്ന് ഗള്‍ഫ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറിനുള്ളിലായിരുന്ന ഇരുവരും ശ്വാസം കിട്ടാതെ മരിച്ചതാകാം എന്നാണ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കാറിന്റെ ഡോറും ഗ്ലാസുകളെല്ലാം ലോക്ക് ചെയ്ത നിലയിലായിരുന്നു. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും വാര്‍ത്ത പറയുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെ ഗാരേജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അല്‍ ഹറാം പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇരുവരും ശ്രമിച്ചതിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്നും, സംഭവസമയത്ത് ഇരുവരും മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നതിനാലാകാം ഇതെന്നുമാണ് പോലീസ് പറയുന്നത്.
മരണത്തില്‍ മറ്റ് അസ്വഭാവികതയൊന്നും ഇല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഇരുവരും ശ്വാസം മുട്ടി മരിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവരെയും കാണാതായതുമായി ബന്ധപ്പെട്ട് ഇവരുടെ കുടുംബംങ്ങള്‍ നേരത്തെ പരാതി നല്‍കിയിരുന്നെന്നും പോലീസ് പറയുന്നു.
അതിനിടെ മകളുടെ മരണവാര്‍ത്ത അറിഞ്ഞ ഇരുപത്തൊന്നുകാരിയുടെ അച്ഛന്‍ കുഴഞ്ഞുവീഴുകയും ചെയ്തു. കഴിഞ്ഞ രണ്ടുമാസമായി യൂബര്‍ ഡ്രൈവറും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. ഇയാള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.