ഹൈദരാബാദ്- ബാബരി മസ്ജിദ് തകർത്ത കർസേവകരിൽ പ്രധാനിയായിരുന്ന ശേഷം ഇസ്ലാം മതം സ്വീകരിച്ച് 91ലേറെ പള്ളികൾ പണിയാൻ മുൻകൈ എടുത്ത ബൽബീർ സിംഗ് എന്ന മുഹമ്മദ് ആമിറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പള്ളി നിർമ്മാണത്തിന്റെ ആവശ്യത്തിനായി ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ആമിറിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ബാബറി മസ്ജിദ് തകർത്തവരിൽ പ്രധാനിയായ കർസേവകനായിരുന്നു ഇദ്ദേഹം. പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. ബാബരി തകർത്ത സംഭവുമായി ബന്ധപ്പെട്ട പങ്കാളിത്വത്തിന്റെ പശ്ചാത്താപമായി പിന്നീട് മസ്ജിദുകൾ നിർമ്മിക്കാനായി തീരുമാനിച്ചു. പാനിപ്പത്തിലെ ഗ്രാമത്തിൽ ഗാന്ധിയനും അധ്യാപകനുമായ ദൗലത്ത് റാമിന്റെ മകനായാണ് ജനിച്ചത്. താക്കറെയിൽ ആകൃഷ്ടനായി ശിവസേനയിൽ ചേർന്നു. പിന്നീട് ആർ.എസ്.എസിലേക്ക് ചേക്കേറി. കർസേവകർക്കൊപ്പം അയോധ്യയിലേക്ക് തിരിച്ച ബൽബീർ സിംഗാണ് ബാബരി മസ്ജിദിന്റെ താഴികക്കുടത്തിൽ ആദ്യമായി പ്രഹരമേൽപ്പിച്ചത്. എന്നാൽ പാനിപ്പത്തിൽ തിരിച്ചെത്തിയ ബൽബീർ സിംഗിനെ കുടുംബം കയ്യൊഴിഞ്ഞു. തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. ബാബറി മസ്ജിദ് തകർക്കുന്നതിൽ ആമിറിനൊപ്പമുണ്ടായിരുന്ന ആത്മാർത്ഥ സുഹൃത്ത് യോഗേന്ദ്ര പാൽ ഇസ്ലാം സ്വീകരിച്ചുവെന്ന വാർത്ത ആമിറിനെ ഞെട്ടിച്ചു. യോഗേന്ദ്ര പാലുമായുണ്ടായ സംസാരത്തിലാണ് താൻ ചെയ്തത് തെറ്റാണെന്ന ബോധ്യമുണ്ടായതെന്ന് ബൽബീർ സിംഗ് പറഞ്ഞു. പിന്നീട് ഇസ്ലാം സ്വീകരിച്ച ബൽബീർ സിംഗ് മുഹമ്മദ് ആമിർ എന്ന പേര് സ്വീകരിച്ചു. തുടർന്ന രാജ്യത്തുടനീളം പള്ളികൾ നിർമ്മിക്കുകയായിരുന്നു.