കൊച്ചി- അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് കസ്റ്റംസ്. ഇന്നലെ രാത്രി അഴീക്കോട്ടുണ്ടായ അപകടത്തിലാണ് റമീസ് മരിച്ചത്. അർജുൻ ആയങ്കിയുടെ സുഹൃത്തും സഹായിയുമാണ് റമീസ്. ഇയാളോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. കണ്ണൂരിൽ അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയ സമയത്ത് റമീസിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കണ്ടെത്തിയ നിർണായക രേഖകളുടെ അടിസ്ഥാനത്തിലാണ് റമീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കരിപ്പൂരിൽ സ്വർണ്ണം തട്ടിയെടുക്കാൻ അർജുൻ എത്തിയപ്പോൾ റമീസും കൂടെയുണ്ടായിരുന്നു. റമീസിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ റമീസ് സഞ്ചരിച്ച ബൈക്ക് അഴീക്കോട് കപ്പക്കടവിൽ കാറപകടത്തിൽ റമീസ് മരിച്ചത്.