ന്യൂദൽഹി- പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കളായ ശശി തരൂർ എം.പി, കെ.സി വേണുഗോപാൽ എം.പി എന്നിവര്‍ അറിയിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗുമായി ഇരുവരും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. പോസറ്റീവായ സമീപനമാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചതെന്ന് ഇരുവരും പറഞ്ഞു. കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷിക്കണമെന്ന കാര്യം തീരുമാനമായെന്നും ശശി തരൂർ പറഞ്ഞു.
766 ദിവസമായി സെക്രട്ടറിയേറ്റിന് സമീപം സമരത്തിലാണ് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത്. ഒരു മാസമായി നിരാഹാര സമരത്തിലുമാണ്. അതേസമയം, തുടർനടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജിത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നിരവധി നേതാക്കളാണ് ശ്രീജിത്തിന്റെ സമരപന്തലിൽ എത്തി പിന്തുണ അറിയിക്കുന്നത്.