തിരുവനന്തപുരം- മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നേരത്തെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് തന്നെ മന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പീഡനപ്പരാതി 'നല്ല നിലയില്‍' ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി