ന്യൂദല്‍ഹി- ധോക്‌ല അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ അസ്വാരസ്യങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇന്ത്യ പ്രത്യേക വ്യോമ സേനയെ അതിര്‍ത്തിയില്‍ നിയോഗിക്കുന്നു. ഇവിടെ അതിര്‍ത്തി കാക്കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സേനയില്‍ പ്രത്യേക വ്യോമ വിഭാഗം ഉള്‍പ്പെടുത്തിക്കൊണ്ടാണ് അതിര്‍ത്തി നിരീക്ഷണം ഇന്ത്യ ശക്തമാക്കുന്നത്.
അതിര്‍ത്തിയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കടന്നു കയറ്റവും നിര്‍മ്മാണ പ്രവൃത്തികളും നിരീക്ഷിക്കാനും മറ്റുമായി ഇരട്ട എഞ്ചിന്‍ കോപ്റ്ററുകള്‍ ഐടിബിപിക്ക് നല്‍കും. സൈനികരെ കൊണ്ടു പോകുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും, വിഐപികളുടെ യാത്ര, ഭക്ഷ്യ വസ്തു വിതരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഇതുപയോഗിക്കും.
ഹിമാലയത്തില്‍ 16000 മുതല്‍ 18000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുള്ളവയാണ് ഈ കോപ്റ്ററുകള്‍. ചണ്ഡീഗഡ്, ഗുവാഹത്തിയിലെ ബോര്‍ജര്‍ എന്നിവിടങ്ങളില്‍ നിന്നാകും ഐടിബിപി കോപ്റ്റര്‍ സര്‍വീസുകള്‍. 3,488 കിലോമീറ്റർ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി മുഴുവനായും ഈ കോപ്റ്ററുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. കോപ്റ്ററുകള്‍ വാങ്ങാനുള്ള നടപടികള്‍ സേന ആരംഭി ച്ചുകഴിഞ്ഞു. ഇതു പറത്താനായി പര്‍വത പ്രദേശങ്ങളില്‍ വിമാനം പറത്തി വൈദഗ്ധ്യമുള്ള പൈലറ്റുമാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഐടിബിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇന്ത്യന്‍ വ്യോമ സേനയും ബിഎസ്എഫുമാണ് ഐടിബിപിക്കു വേണ്ട വ്യോമ ഗതാഗത സേവനങ്ങള്‍ നല്‍കിയിരുന്നത്. ചൈനാ അതിര്‍ത്തിയില്‍ പലപ്പോഴും വ്യോമ സേവനങ്ങള്‍ ലഭിച്ചിരുന്നുമില്ല. സമീപ കാലത്ത് രൂക്ഷമായ അതിര്‍ത്തി തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഐടിബിപിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.