ന്യൂദല്‍ഹി- ഇന്ത്യ-ഇസ്രായില്‍ ബന്ധം സ്വര്‍ഗത്തില്‍ നടന്ന വിവാഹമാണെന്നും യുഎന്നിലെ ഒരു വോട്ട് ഈ ബന്ധത്തെ ബാധിക്കില്ലെന്നും ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ജറൂസലം വിഷയത്തില്‍ ഇന്ത്യ തങ്ങള്‍ക്കെതിരായി വോട്ട് ചെയ്തതില്‍ സ്വാഭാവികമായും നിരാശയുണ്ടെന്നും എന്നാല്‍ ഇത് ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ, കൃഷി തുടങ്ങി നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തന്റെ സന്ദര്‍ശനമെന്നും ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വലിയ നേതാവാണെന്നും ഭാവിയെ ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ അദ്ദേഹം അക്ഷമനാണെന്നും നെതന്യാഹു പറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണത്തിനാണ് പ്രാധാന്യമുള്ളതെന്നും ഭീകര വിരുദ്ധ നീക്കത്തില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.