മുംബൈ- ഇന്ത്യയിൽനിന്ന് മാലി ദ്വീപിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഈ മാസം 28 മുതലാണ് സർവീസ് ആരംഭിക്കുക. തുടർന്ന് എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ സർവീസുണ്ടാകും. കഴിഞ്ഞ മെയിലാണ് കോവിഡ് വ്യാപനം കാരണം ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് മാലി ദ്വീപ് വിലക്ക് ഏർപ്പെടുത്തിയത്. ഇത് ജൂലൈ 15 മുതൽ മാലി എടുത്തുകളഞ്ഞു. അതിന് ശേഷമാണ് വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ ഇന്റിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാന കമ്പനികൾ ഇന്ത്യയിൽനിന്ന് മാലിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ കൂടി സർവീസ് നടത്തുന്നത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും. സൗദിയടക്കമുള്ള രാജ്യങ്ങളിലേക്ക് മാലി വഴി വരാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതാണ് എയർ ഇന്ത്യയുടെ തീരുമാനം.