ന്യൂദല്‍ഹി- ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തില്‍ നേരത്തെ സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ദുരൂഹതയില്ലെന്നും വ്യക്തമാക്കിയ മകന്‍ അനൂജ് ലോയയുടെ രംഗ പ്രവേശം ബാഹ്യ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നെന്ന് ആരോപണം.
അച്ഛന്റെ മരണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളില്‍ കുടുംബത്തിന് വേദനയുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും ഞായറാഴ്ച അനൂജ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ തുടരന്വേഷണം വേണോ എന്നതു സംബന്ധിച്ച് തീരൂമാനമെടുക്കാന്‍ താന്‍ ആളല്ലെന്നും അനൂജ് പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സംശയകരമായ ഇടപെടലുകളെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തില്‍ ജസ്റ്റിസ് ലോയയുടെ മകന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആരാേപണം ഉയര്‍ന്നു കഴിഞ്ഞു.
വാര്‍ത്താ സമ്മേളനത്തിലെ അനൂജിന്റെ ശരീരഭാഷയില്‍നിന്ന് അദ്ദേഹത്തിനു മേലുള്ള സമ്മര്‍ദ്ദം വ്യക്തമാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ അനൂജിനൊപ്പം വന്നവരുടെ ആവേശത്തില്‍നിന്നും ഇതു വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലോയയുടെ മരണത്തില്‍ ദൂരൂഹത ആരോപിച്ച അദ്ദേഹത്തിന്റെ അച്ഛനും സഹോദരിയും അനൂജിന്റെ കൂടെ വാര്‍ത്താ സമ്മേളനത്തില്‍ ഇല്ല. മാത്രമല്ല ഇതു സംഘടിപ്പിച്ചത് അമിത് ഷാ ഇടപെട്ടാണെന്ന് അനൂജിനൊപ്പം വന്നവരില്‍ ഒരാള്‍ പറയുന്നുമുണ്ട്.
2014 നവംബറില്‍ നാഗ്പൂരില്‍ വെച്ചാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റമുട്ടുല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ജസ്റ്റിസ് ലോയയുടെ സഹോദരിയും അച്ഛനുമാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ രംഗത്തെത്തിയത്. അമിത് ഷാ പ്രതിയായ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് ലോയ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള ഒരു ജഡ് ജിയും വെളിപ്പെടുത്തിയിരുന്നു. ലോയ കൊല്ലപ്പെട്ടതാകാമെന്നും ഹൃദയാഘാതം സംഭവിക്കാനുള്ള ആരോഗ്യ പ്രശനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.