ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാൻ നാല് വർക്കിംഗ് പ്രസിഡിന്റുമാരെ നിയമിക്കാൻ നേതൃത്വം. രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ദളിത് പ്രാതിനിധ്യം കണക്കിലെടുത്ത് മുകുൾ വാസ്‌നിക്, ഷെൽജ എന്നിവരിൽ ഒരാളും ഉപാദ്ധ്യക്ഷ പദവിയിലെത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു. അഹമ്മദ് പട്ടേൽ മുമ്പ് വഹിച്ച പാർട്ടി അദ്ധ്യക്ഷയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന നിലപാടാണ് രാഹുൽ ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടർന്നേക്കും. പാർട്ടിയുടെ ദിവസേനയുളള കാര്യങ്ങളിൽ സോണിയ ഗാന്ധി ഇപ്പോൾ ഇടപെടാറില്ല. അടിയന്തര യോഗങ്ങളിൽ മാത്രമാണ് സോണിയ ഇപ്പോൾ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാൻ ആലോചന നടക്കുന്നത്. മേഖലകളായി തിരിച്ചായിരിക്കും നാല് വർക്കിംഗ് പ്രസിഡന്റുമാർക്ക് ചുമതല നൽകുക.