കൊച്ചി- സ്‌പെഷല്‍ ബ്രാഞ്ച് മുന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ മറിയം റഷീദയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി മാലി വനിത ഫൗസിയ ഹസന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. വഴങ്ങാതെ വന്നതാണ് ചാരക്കേസില്‍ കുടുക്കാന്‍ കാരണം. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഫൗസിയ ഹസന്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മറിയം റഷീദ താമസിച്ച ഹോട്ടല്‍ മുറിയിലെത്തിയാണ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മോശമായി പെരുമാറിയത്. വിജയനെ മറിയം റഷീദ മുറിയില്‍ നിന്ന് അടിച്ചുപുറത്താക്കുകയായിരുന്നു. താന്‍ ഇതിന് സാക്ഷിയായിരുന്നു എന്നും ഫൗസിയ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ഗൂഡാലോചന കേസില്‍ ഒന്നാം പ്രതിയാണ് സ്‌പെഷല്‍ ബ്രാഞ്ച് സിഐ ആയിരുന്ന എസ് വിജയന്‍. പ്രതികളായ വിജയന്റെയും വഞ്ചിയൂര്‍ എസ്‌ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്തിന്റെയും ജാമ്യഹര്‍ജിയെ എതിര്‍ത്താണ് ഫൗസീയ ഹസന്റെ വിശദീകരണം. സ്വന്തം കുറ്റം മറയ്ക്കാന്‍ തങ്ങളെ കേസില്‍ കുടുക്കി മൂന്നു വര്‍ഷത്തിലേറെ തടങ്കലില്‍ വെച്ച ഉദ്യോഗസ്ഥരെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കരുത്. വ്യക്തിഗത, സാമ്പത്തിക, ഔദ്യോഗിക നേട്ടങ്ങളും അന്നത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ കുടുക്കുകയെന്ന രാഷ്ട്രീയതാല്‍പ്പര്യവും ലക്ഷ്യമിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും ഫൗസിയ ആരോപിച്ചു.
മക്കളെ ബംഗളൂരുവില്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ വന്നതും കേരളത്തില്‍ തങ്ങിയതുമാണ് താനും മറിയം റഷീദയും ചെയ്ത അബദ്ധം. ഫഌ പടര്‍ന്നു പിടിച്ചതു മൂലം മാലദ്വീപിലേക്കുള്ള വിമാനം റദ്ദാക്കി. മറിയം റഷീദയുടെ വീസയുടെ കാലാവധി തീരാറായതിനാല്‍ അതു നീട്ടിക്കിട്ടാന്‍ 1994 ഒക്ടോബര്‍ രണ്ടിന് സര്‍ട്ടിഫിക്കറ്റിനായി ഫോറിന്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ കൂടിയായ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫിസില്‍ പോയി.
അവിടെ വച്ചു പാസ്‌പോര്‍ട്ടും എയര്‍ ടിക്കറ്റുകളും കൈക്കലാക്കിയ വിജയന്‍ അവസരം മുതലാക്കാന്‍ നോക്കി. 3, 4 ദിവസത്തിനു ശേഷം ഹോട്ടല്‍ മുറിയിലെത്തി ചില ചോദ്യങ്ങള്‍ ചോദിച്ചു മടങ്ങി. 8നു വീണ്ടുമെത്തി, തന്നോടു മുറിക്കു പുറത്തു നില്‍ക്കാന്‍ പറഞ്ഞ് മറിയം റഷീദയോടു ലൈംഗികാതിക്രമത്തിനു മുതിര്‍ന്നു. മറിയം റഷീദ അടിച്ചു പുറത്താക്കി. ഇതോടെ അവരുടെ സര്‍ട്ടിഫിക്കറ്റും യാത്രാരേഖകളും ഒക്ടോബര്‍ 20 വരെ വൈകിപ്പിച്ച് വീസ കാലാവധി കഴിഞ്ഞു തങ്ങിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ചാരക്കഥ മെനഞ്ഞ് തങ്ങളെ കേസില്‍പ്പെടുത്തിയെന്നും ഫൗസിയ ആരോപിക്കുന്നു.
കേന്ദ്രാനുമതിയോ ഐഎസ്ആര്‍ഒയുടെ പരാതിയോ ഇല്ലാതെയായിരുന്നു ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കേസ്. ചാരവൃത്തിക്കു ചെല്ലുന്നവരാരും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും സഹിതം പോലീസ് സ്‌റ്റേഷനില്‍ പോകില്ല. പാക്കിസ്ഥാനു ചോര്‍ത്തി കൊടുത്തതായി പറയുന്ന ക്രയോജനിക് സാങ്കേതിക വിദ്യ 1994ല്‍ ഇന്ത്യയ്ക്കില്ല. സ്ഥാപനത്തില്‍ നിന്നു വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ മേധാവി സിബിഐക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസിലേക്ക് നമ്പി നാരായണന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തുകയും കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയുമായിരുന്നു. കേസില്‍ വിജയനും തമ്പി എസ് ദുര്‍ഗാദത്തും സിബി മാത്യൂസും ക്രിമിനല്‍ ഗൂഡാലോചന നടത്തിയിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കി കേസ് അവസാനിപ്പിക്കുന്നതിനു പകരം അന്വേഷണത്തെ വെള്ളപൂശി തടങ്കല്‍ നീട്ടാനാണ് അന്വേഷണ മേധാവിയും ശ്രമിച്ചത്. ഇപ്പോഴുള്ള അന്വേഷണം സുപ്രീംകോടതി വിധി അനുസരിച്ചാണെന്നും വിശദീകരണത്തില്‍ അറിയിച്ചു.