തിരുവനന്തപുരം- രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ വിക്കറ്റ് തെറിക്കുന്നത് കാത്തിരുന്നവര്‍ക്ക് നിരാശ. വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന. സി.പി.എം നേതൃയോഗവും ഇതേ നിലപാടുകാരാണ്. ഇന്ന് രാവിലെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം ലഭ്യമായ രണ്ട് പേരുടേയും പ്രതികരണങ്ങളില്‍ മന്ത്രിസ്ഥാനത്ത് ശശീന്ദ്രന്‍ തുടുരമെന്നാണ് വ്യക്തമാവുന്നത്. മന്ത്രി എന്ന നിലയ്ക്കുള്ള ഔദ്യോഗിക അധികാരം പെണ്‍കുട്ടിയുടെ കേസില്‍ ശശീ്ന്ദ്രന്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് പാര്‍്ട്ടിയും മുഖ്യമന്ത്രിയും നിരീക്ഷിക്കുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നം തീര്‍ക്കാനുള്ള ഇടപെടല്‍ മാത്രമാണ് അദ്ദേഹം നടത്തിയത്. അതേസമയം, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയ മന്ത്രി എകെ ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാല്‍ മാത്രമേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ശശീന്ദ്രനെതിരെ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യവുമായി മന്ത്രി എകെ ശശീന്ദ്രന്‍ പിതാവിനെയായിരുന്നു സമീപിച്ചത്. ഇതിന്റെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറിപിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചരണം നടത്തിയെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ മന്ത്രിയുടെ ഇടപെടല്‍ ഇന്നലെ പുറത്തുവന്നതോടെ ഇന്നലെയാണ് പോലീസ് കേസെടുത്തത്. പദ്മാകരനും എന്‍ സി പി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് കേസ് എടുത്തത്. ഹണിട്രാപ്പ് കേസില്‍ ആരോപണ വിധേയനായപ്പോള്‍ രാജിവെച്ച് വീണ്ടും മന്ത്രി സ്ഥാനത്തെത്തിയ ശശീന്ദ്രന് ആശ്വാസത്തിന്റെ ദിനമാണിന്ന്.