Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസ് ഉടനുണ്ടാകില്ല

കോഴിക്കോട്- സൗദിയിലേക്ക് നേരിട്ട് പോകാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീണ്ടേക്കും. ഖത്തർ, മാലി തുടങ്ങിയ രാജ്യങ്ങൾ വിദേശികളെ നേരിട്ട് സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചത് സൗദിയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ, സൗദിയിലേക്ക് നേരിട്ട് ഇന്ത്യക്കാർക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഏതാനും മാസം കൂടി തുടർന്നേക്കും എന്നാണ് സൂചന. ഹജിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ സൗദിയിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചില കേന്ദ്രങ്ങളിൽനിന്ന് സൂചന ഉണ്ടായിരുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രിയും ഇഖാമ കാലാവധിയും ഒരു മാസത്തേക്ക് കൂടി സൽമാൻ രാജാവിന്റെ നിർദ്ദേശം അനുസരിച്ച് പുതുക്കുമെന്ന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ജവാസാത്ത് അറിയിച്ചത്. ജൂലൈ 31 വരെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കുമെന്ന് കഴിഞ്ഞമാസവും സൗദി പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി തീരാൻ പത്തു ദിവസം ശേഷിക്കേയാണ് പുതിയ തീരുമാനം സൗദി ഭരണകൂടം എടുത്തത്. ഇപ്പോഴും സൗദിയിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായ ആയിരകണക്കിന് പ്രവാസികൾക്ക് സൗദി രാജാവിന്റെ തീരുമാനം ഏറെ ആശ്വാസം നൽകുന്നതാണ്. എന്നാൽ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കെങ്കിലും സൗദിയിലേക്ക് നേരിട്ട് പോകാൻ അനുമതി ലഭിച്ചേക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ അടക്കമുള്ളവർ ഉണ്ടായിരുന്നത്. സൗദിയിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാന സർവീസിന് ഉടൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസവും ഇന്ത്യൻ അംബാസിഡർ വ്യക്തമാക്കിയിരുന്നു.
 

Latest News