റിയാദ് - മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ കരാർ കമ്പനിയായ സൗദി ബിൻ ലാദിൻ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശം ഗവൺമെന്റിലേക്ക് മാറിയിട്ടില്ലെന്ന് ബിൻ ലാദിൻ ഗ്രൂപ്പ് അറിയിച്ചു. അഴിമതി കേസിൽ ബിൻ ലാദിൻ ഗ്രൂപ്പ് ചെയർമാൻ ബകർ ബിൻ ലാദിനെ സുരക്ഷാ വകുപ്പുകൾ രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസ് ഒത്തുതീർക്കുന്നതിനുള്ള ധാരണയുടെ ഭാഗമായി സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഗവൺമെന്റ് ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് കമ്പനി നിഷേധിച്ചു. എന്നാൽ കമ്പനിയിലെ ചില പാർട്ണർമാർ തങ്ങളുടെ ഓഹരികൾ ഗവൺമെന്റിന് കൈമാറിയേക്കുമെന്ന് ഗ്രൂപ്പ് പറഞ്ഞു.
പാർട്ണർമാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയെന്നോണം ബിൻ ലാദിൻ ഗ്രൂപ്പ് തുടരും. ഗവൺമെന്റ് പദ്ധതികൾ നടപ്പാക്കുന്നതും കമ്പനി തുടരും. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം ഗവൺമെന്റ് പദ്ധതികളാണെന്നും സൗദി ബിൻ ലാദിൻ ഗ്രൂപ്പ് പറഞ്ഞു.