ജിദ്ദ- സൗദിയിലേക്കുള്ള യാത്രയ്ക്കിടെ ഉസ്‌ബെക്കിസ്ഥാനിൽ പെരുന്നാൾ ആഘോഷിച്ച് മലയാളികൾ അടക്കമുള്ള പ്രവാസികൾ. ഉസ്‌ബെക്ക് തലസ്ഥാനമായ താഷ്‌കെന്റിൽ അടക്കം നിരവധി മലയാളികളാണ് പെരുന്നാൾ ആഘോഷിച്ചത്. പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ പള്ളികളിൽ ഈദ് ആഘോഷം വിലക്കിയിരുന്നു. അതിനാൽ ഹോട്ടലിലും മറ്റ് പൊതുസ്ഥലങ്ങളിലുമായിരുന്നു ഈദ് നമസ്‌കാരം. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സിക്രട്ടറി
അബ്ദു റൗഫ് സ്വലാഹിയാണ് താഷ്‌കെന്റിലെ ഒരു ഹോട്ടലിന് സമീപത്ത് ഈദ് നമസ്‌കാരത്തിന് നേതൃത്വം നൽകിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പൗരാണിക ഇസ്‌ലാമിക ചരിത്രമുറങ്ങുന്ന ഇമാം ഖുഖാരിയുടെ ബുഖാറയടങ്ങുന്ന ഈ നാട്ടിൽ ഒരുമിച്ച് കൂടി ഈദ് സന്ദേശം കൈമാറാനും സ്‌നേഹം പങ്കിടാനും
സാധിച്ചതിൽ വലിയ സന്തോഷവും വേറിട്ട അനുഭവം സ്വന്തമാക്കാനുമായതായി ആഘോഷത്തിൽ പങ്കെടുത്ത മുഹമ്മദ് കുട്ടി ജിദ്ദ, മുഹമ്മദ് നിയാസ് മുത്തേടം എന്നിവർ പറഞ്ഞു.