Sorry, you need to enable JavaScript to visit this website.

സ്‌കോളർഷിപ്പ് വിതരണത്തിലെ മാറ്റം; സർക്കാരിനെതിരെ ശക്തമായ നിലപാടുമായി കാന്തപുരം വിഭാഗം

  • ഇടതുമുന്നണിയോട് അനുഭാവം പുലർത്തുന്ന മറ്റ് മുസ്‌ലിം സംഘടനകളും സമാന അഭിപ്രായത്തിൽ തന്നെയെന്ന് സൂചന

കോഴിക്കോട് - കോടതിവിധിയുള്ളതുകൊണ്ടാണ് പാലോളി കമ്മിറ്റി ശിപാർശ ചെയ്ത സ്‌കോളർഷിപ്പ് വിതരണത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതെന്ന് പറയുന്ന സർക്കാർ ഈ മാനദണ്ഡം ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും നടപ്പിൽവരുത്തണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽഹക്കീം അസ്ഹരി പറഞ്ഞു. മർക്കസ് നോളജ് സിറ്റി സംബന്ധമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ന്യൂനപക്ഷൾക്കായുള്ള ജോലി റീക്രൂട്ട്‌മെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കൽ, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങൾ തുടങ്ങി പരിവർത്തിത ക്രൈസ്തവർക്കായുള്ള ബോർഡിനടക്കം ആനുകൂല്യങ്ങൾ നൽകുന്നത് വരെ ഈ വിധിയുടെ അടിസ്ഥാനത്തിൽ ഗൗരവ ചർച്ചയാകാവുന്ന വിഷയങ്ങളാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ധൃതി പിടിച്ച തീരുമാനമാണ് ഉണ്ടായത്. വിഷയത്തിൽ അപ്പീൽ പോകണമെന്ന് നേരത്തെ ആവശ്യപ്പെട്ടപ്പോൾ, സാമുദായിക സംഘടനകളോടെല്ലാം ആലോചിച്ചശേഷമേ തീരുമാനമെടുക്കൂവെന്നാണ് അറിയിച്ചതെങ്കിലും സാമുദായിക സംഘടനകളെയെല്ലാം ചർച്ചക്ക്‌പോലും ക്ഷണിക്കുകയുണ്ടായില്ല. ഇത് ശരിയായ ഒരു നടപടിയല്ലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും. സർക്കാർ പ്രതിനിധികളെ കാണുന്നുണ്ട്.


തികച്ചും മുസ്‌ലിം ന്യൂനപക്ഷത്തിനു മാത്രം അവകാശപ്പെട്ട സ്‌കോളർഷിപ്പാണ് സച്ചാർ ശിപാർശ പ്രകാരം രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിർദേശപ്രകാരം അന്നത്തെ സർക്കാർ തുടക്കം കുറിച്ചത്. പിന്നീടതിൽ പിന്നോക്ക ക്രിസ്ത്യൻ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. പുതിയ മാറ്റം വരുത്തുമ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നതിൽ കുറവുണ്ടാകില്ലെന്നാണ് പറയുന്നത്. എന്നാൽ വരാനിരിക്കുന്നതിൽ കുറവു വരിക തന്നെ ചെയ്യില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ സർക്കാർ പ്രതിനിധികൾ പരാജയപ്പെട്ടുവെന്നത് ശരി തന്നെയാണ്. എന്നാൽ ഈ വിഷയത്തിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സൗഹാർദം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തരുത്. ഇതുകൊണ്ടു തന്നെയാണ് എസ്.വൈ.എസ് തന്നെ മുൻകൈയെടുത്ത് ക്രിസ്ത്യൻ പുരോഹിതന്മാരെ നേരിട്ടുകാണുവാൻ പോയത്. എന്നാൽ ഒരു വിഭാഗത്തിന് അർഹമായത് നഷ്ടപ്പെടുന്നതിനെ ചൂണ്ടിക്കാട്ടുന്നതിനെ സാമുദായിക ധ്രൂവീകരണമായി കാണേണ്ടതില്ല. മറ്റുളളവരുടെ അവകാശങ്ങൾ ഹനിക്കുവാനോ കൈയേറുകയും ചെയ്യുകയല്ലിത്. 


സർക്കാരിനോട് നല്ല സമീപനത്തിൽ നിൽക്കുന്നുവെന്നുള്ളതുകൊണ്ട് അവർ ചില വിഷയങ്ങളിൽ എടുക്കുന്ന അബദ്ധങ്ങളെ ചൂണ്ടിക്കാട്ടുകയെന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സർക്കാരിനെതിരെ പല വിഷയങ്ങളിലും എതിരായ കോടതി വിധി വരുമ്പോൾ ശക്തമായി നേരിടാറുണ്ട്. പക്ഷേ എന്തുകൊണ്ടോ ഈ വിധി ഉണ്ടായപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സമീപനമുണ്ടായില്ലെന്ന ആക്ഷേപം വ്യാപകമായി ഉണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാരിനോട് കാര്യങ്ങൾ തുറന്നുപറയുവാൻ തയാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകൻ കൂടിയായ അസ്ഹരി ഇടതുമുന്നണി സർക്കാരിനെതിരെ ഈയടുത്തകാലത്ത് ശക്തമായ വിമർശനവുമായി രംഗത്തുവരുന്നത് ഇതാദ്യമാണ്. ഇതുവരെ സ്‌കോളർഷിപ്പ് വിഷയത്തിലും മറ്റും അദ്ദേഹം രൂക്ഷവിമർശനങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. എന്നാൽ ഇടതുമുന്നണിയെ പിന്തുണക്കുന്ന തങ്ങളടക്കമുള്ള മുസ്‌ലിം സാമുദായിക സംഘടനകൾ പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരുചർച്ച പോലും നടത്താതെ, ഇരുവിഭാഗത്തിനും ആക്ഷേപമില്ലാത്ത രീതിയിൽ വിഷയം കൈകാര്യം ചെയ്യാമായിരുന്നിട്ടും പെട്ടെന്ന് മന്ത്രിസഭ തീരുമാനമെടുത്തതിലുള്ള പ്രതിഷേധമാണ് ഇന്നലെ അബ്ദുൽ ഹക്കീം അസ്ഹരിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇടതുമുന്നണിയോട് അനുഭാവം പുലർത്തുന്ന മറ്റ് മുസ്‌ലിം സംഘടനകളെല്ലാം പുറത്തുപറയുന്നില്ലെങ്കിലും സമാന അഭിപ്രായത്തിൽ തന്നെയാണ് ഉള്ളതെന്നാണറിയുന്നത്.

 

 

Latest News