Sorry, you need to enable JavaScript to visit this website.

യൂസഫലി സഹായിച്ചു; പ്രസന്നയെ ഒരു വർഷത്തേക്ക് ആരും ഇറക്കി വിടില്ല

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റര്‍ എന്‍ ബി സ്വരാജ് ജി സി ഡി എ യില്‍ അടക്കാനുള്ള തുക ജിസിഡിഎ ചെയര്‍മാന്‍ വി സലീമിന് കൈമാറുന്നു.

കൊച്ചി- മറൈന്‍ ഡ്രൈവ് വോക്ക് വേയില്‍ കട നടത്തിയിരുന്ന പ്രസന്നയ്ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഇടപെടലില്‍ ഇനി പുതുജീവിതം. ജി.സി.ഡി.എയുടെ ഒഴിപ്പിക്കലിനെ തുടര്‍ന്ന് നാലുദിവസമായി കൊച്ചി മറൈന്‍ ഡ്രൈവിലെ കടയുടെ സമീപത്തു താമസിച്ചു വന്ന പ്രസന്നകുമാരിയ്ക്ക് ഇനി സ്വന്തം കടയില്‍ കച്ചവടം നടത്തി  ജീവിക്കാം. വാടക കുടിശികയായ 6,32,462 രൂപയും  കൂടാതെ ഒരു വര്‍ഷത്തേക്ക് കട നടത്താനുള്ള ജിസിഡിഎ വാടകയായ 2,26679 രൂപയും ചെയര്‍മാന്‍ വി സലീമിന് എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് കൈമാറി. ഇതിനോടൊപ്പം കട നടത്തുവാനായി രണ്ട് ലക്ഷം രൂപയുടെ സഹായവും എം.എ യൂസഫലി നല്‍കി. കടയുടമ പ്രസന്ന രാവിലെ തന്നെ കുടിശിക മുഴുവന്‍ തീര്‍ക്കുകയാണെന്നു കാണിച്ച് ജി.സി.ഡി.എ ചെയര്‍മാന്‍ സലീമിന് അപേക്ഷ നല്‍കിയിരുന്നു. പ്രസന്ന അടച്ചു തീര്‍ക്കുവാനുള്ള  കുട്ടിശികയായ  എട്ടരലക്ഷത്തില്‍ നിന്നും രണ്ടരലക്ഷത്തോളം രൂപ ഇളവു നല്‍കിയിരുന്നു. ബാക്കിയുള്ള തുകയാണ് എം.എ.യൂസഫലി അടച്ചത്. ഇതിനു പിന്നാലെയാണ് ഒരു വര്‍ഷത്തെക്കുള്ള വാടക മുന്‍കൂര്‍ അടയ്ക്കാവാനുള്ള തീരുമാനം എം.എ.യൂസഫലി  അറിയിക്കുന്നത്. ഇതു  കേട്ടതോടെ പ്രസന്നയുടെ കണ്ണുകള്‍ നിറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജില്‍ നിന്നും ജിസിഡിഎ ചെയര്‍മാന്‍ വി.സലീം രണ്ടു ചെക്കുകളും ഏറ്റുവാങ്ങി. തുടര്‍ന്ന് കട തുടങ്ങുവാനുള്ള ജിസിഡിഎയുടെ അനുമതിപത്രവും താക്കോലും വി.സലീം കൈമാറി. മറൈന്‍ ഡ്രൈവില്‍ എത്തിയ പ്രസന്നയും ചെയര്‍മാന്‍ വി.സലീമും ചേര്‍ന്ന് കട തുറന്നു. ഈ സമയം കടയിലേക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ എം.എ.യൂസഫലി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ എന്‍.ബി.സ്വരാജ് കൈമാറി. പ്രസന്നയുടെ വാര്‍ത്തയറിഞ്ഞ് എത്തിയവര്‍ക്ക് മധുരം നല്‍കിയാണ് പ്രസന്ന സ്വീകരിച്ചത്.

 

 

 

Tags

Latest News