ന്യൂദൽഹി- വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇത് വിവേചനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോർട്ടുകളൊഴികെ എല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്. ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല.
ബിജെപിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്ന നടപടിയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രാലയം പാസ്പോർട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാസ്പോർട്ട് ഉടമയുടെ മേൽവിലാസവും എമിഗ്രേഷൻ സ്റ്റാറ്റസും പാസ്പോർട്ടിന്റെ അവസാനപേജിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.
പാസ്പോർട്ടിൽ മേല്‍വിലാസം രേഖപ്പെടുത്തുന്ന അവസാന പേജ് പ്രിന്റ് ചെയ്യില്ല. എമിഗ്രേഷൻ ആവശ്യമുള്ള പാസ്പോർട്ടുകൾക്കാണ് ഓറഞ്ച് കളർ നൽകാൻ ഉദ്ദേശിക്കുന്നത്. എമിഗ്രേഷൻ ക്ലിയറന്‍സ് വശ്യമില്ലാത്തവർക്ക് നീല കവർ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാർ പറഞ്ഞു. നിലവില്‍ ബിരുദ യോഗ്യതയില്ലാത്തവർക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്.