കാഠ്മണ്ഡു- നേപ്പാളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന ഇന്ത്യയുടെ കുത്തക അവസാനിച്ചു. ഹിമാലയൻ പർവത നിരകളിലൂടെ ചൈന സ്ഥാപിച്ച പുതിയ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വെള്ളിയാഴ്ച നേപ്പാളുമായി ബന്ധിപ്പിച്ചതോടെയാണിത്. നേപ്പാളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് ചൈന ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. നേപ്പാൾ വാർത്താവിതരണ മന്ത്രി മോഹൻ ബഹദൂർ ബസ്‌നെതും ചൈനീസ് അംബാസഡർ യു ഹോങും ചേർന്ന് പുതിയ ഇന്റർനെറ്റ് കണക്ഷൻ കാഠ്മണ്ഡുവിൽ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഉൽഘാടനം ചെയ്തു.
വെള്ളിയാഴ്ച വരെ ഇന്റർനെറ്റിനു വേണ്ടി നേപ്പാളിന്റെ ഏക ആശ്രയം ഇന്ത്യയായിരുന്നു. ബിരാട്‌നഗർ, ഭൈരഹവ, ബിർഗഞ്ച് എന്നീവിടങ്ങളിലെ ഒപ്റ്റിക് ഫൈബർ കണക്ഷനുകൾ വഴിയാണ് നേപ്പാളിന് ഇന്ത്യ വേൾഡ് വൈഡ് വെബ് കണക്ഷൻ ലഭ്യമാക്കിയിരുന്നത്. ഈ ഇനത്തിൽ ഫീസായും റോയൽറ്റിയായും ഇന്ത്യയ്ക്ക് നല്ലൊരു തുക ലഭിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികൾക്കു പുറമെ ടാറ്റ്, എയർടെൽ, ബി.എസ്.എൻ.എൽ എന്നീ കമ്പനികളിൽ നിന്നും നേപ്പാൾ ബാൻഡ് വിഡ്ത്ത് വാങ്ങുന്നുണ്ട്.
നേപ്പാൾ സർക്കാർ ടെലികോം കമ്പനിയായ നേപ്പാൾ ടെലികോം (എൻ.ടി) ഇപ്പോൾ ചൈന ടെലികോം ഗ്ലോബൽ ലിമിറ്റഡിൽ നിന്നും ബാൻഡ് വിഡ്ത്ത് വാങ്ങിത്തുടങ്ങിയിരിക്കുന്നു. 2016 ഡിസംബറിലാണ് ചൈനീസ് കമ്പനിയുമായി നേപ്പാൾ കരാറൊപ്പിട്ടത്. കാഠ്മണ്ഡുവിൽ നിന്നും 175 കിലോമീറ്റർ അകലെ റസുവയിലാണ് ചൈനയിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബർ ലിങ്ക് എത്തുന്നത്്. നേപ്പാളിലെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകരായ ചൈനയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇതു സഹായിക്കുമെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു. ഇന്ത്യ നേപ്പാളിലെത്തിക്കുന്ന ലിങ്ക് 25 ജി.ബി.പി.എസ് വേഗതയുള്ളതാണ്. ചൈനയുടെ പുതിയ ലിങ്ക് 1.5 ജിപിഎസ് മാത്രമെയുള്ളൂ. ഭാവിയിൽ ചൈനയിൽ നിന്നുള്ള ലിങ്കും വേഗതയും വർധിപ്പിക്കുമെന്നു നേപ്പാൾ ടെലികോം അറിയിച്ചു.