രാമപുരം(മലപ്പുറം)- രാമപുരം ബ്ലോക്ക് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കൽമുഹമ്മദിന്റെ
ഭാര്യ മുട്ടത്തിൽ ആയിഷ എന്ന എടൂർ ആയിശ (75)യെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന അനുസരിച്ചാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. വീട്ടിലെ ശുചിമുറിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആയിശയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേശീയപാതയോട് ചേർന്നുള്ള വീട്ടിൽ പകൽ സമയം ചെലവിടുകയും രാത്രിയാകുമ്പോൾ അടുത്തുള്ള മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികൾ എത്തിയാണ് ആയിഷയെ രാത്രി കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രിയോടെ പേരക്കുട്ടികളെത്തി വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതുകൊണ്ട് അന്വേഷിക്കുകയായിരുന്നു.
ശുചി മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദേഹത്തു ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. അതേസമയം, വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ല. മരണത്തിൽ ബന്ധുക്കളും നാട്ടുക്കാരും സംശയം പ്രകടിപ്പിച്ചത് കാരണം മങ്കട പോലീസ് കേസെടുക്കുകയായിരുന്നു. ഉന്നതസംഘം സ്ഥലത്ത് എത്തി കേസ് അന്വേഷണം ഊർജിതമായി ആരംഭിച്ചു. രാമപുരം മഹല്ല് ജുമാ മസ്ജിദ് ഖമ്പർസ്ഥാനിൽ മറവു് ചെയ്തു. പിതാവ്: മുട്ടത്തിൽ മമ്മു മുസ്ല്യാർ. മാതാവ്:എടൂർ ഫാത്തിമ (രാമപുരം)
മക്കൾ: നബീസ, ആസ്യ,സാജിത, ഫിറോസ് (ജിദ്ദ) പരേതനായ അബ്ദുൽ സലാം, മരുമക്കൾ: ഹസീന
സഹോദരൻ: ഡോ: അബൂബക്കർ മലബാരി (റിട്ട.പ്രൊഫസർ, അലിഗഡ് സർവ്വകലാശാല, യൂ, പി.)