സർക്കാരിനെതിരെ കനത്ത പ്രതിഷേധം
മലപ്പുറം- ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി പുനഃക്രമീകരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ കോടതിയിലേക്ക്. സർക്കാരിനെതിരെ എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. സമസ്ത ഇരു വിഭാഗങ്ങളും മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള വിഭാഗങ്ങളും കടുത്ത പ്രതിഷേധത്തിലാണ്.
മുസ്‌ലിം സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ വെട്ടിക്കുറച്ചാണ് വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. ഇത് കടുത്ത വിഭാഗീയതയും വഞ്ചനയുമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നൂറ് ശതമാനവും മുസ്‌ലിംകൾക്ക് അർഹതപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ സച്ചാർ കമ്മിറ്റിയെയും കേരള സർക്കാർ പാലോളി കമ്മിറ്റിയെയും നിയോഗിച്ചത് മുസ്്‌ലിം സമുദായത്തിന്റെ മാത്രം പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാനാണ്. അല്ലാതെ ന്യൂനപക്ഷ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാനല്ല. എല്ലാ ആനുകൂല്യങ്ങളും നൂറു ശതമാനവും മുസ്്‌ലിം സമുദായത്തിന് നൽകണമെന്ന് ഇരു സർക്കാറുകളും ഉത്തരവിറക്കിയതുമാണ്. എന്നാൽ ഉത്തരവുകളെയും റിപ്പോർട്ടുകളെയും പൂർണമായി അവഗണിച്ചു കൊണ്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇത് ഭരണഘടനാ വിരുദ്ധമാണ്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സംസ്ഥാനത്തെ വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് ബാധകമാക്കാതെ സ്‌കോളർഷിപ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണം. ജനസംഖ്യാനുപാതികമായി ബജറ്റിൽ വിഹിതം വെക്കാൻ സർക്കാർ തയാറാവണം. മുന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിന് നീക്കിവെച്ച വിഹിതം കൂടി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഹിതമാക്കണം. ഹൈക്കോടതി വിധി മറികടക്കാനും അപ്പീൽ പോകാനും നിയമ വശങ്ങൾ പരിശോധിക്കുകയോ മറ്റു വഴികൾ കണ്ടെത്തുകയോ ചെയ്തില്ലെന്ന് മാത്രമല്ല ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കില്ലെന്ന് സർവകക്ഷി യോഗത്തിൽ ഉറപ്പു നൽകിയ സർക്കാർ തീരുമാനമെടുക്കുന്നതിനു മുമ്പ് രാഷ്ട്രീയ പ്രതിനിധികളുമായോ മത വിഭാഗങ്ങളുടെ മേലധ്യക്ഷൻമാരുമായോ കൂടിയാലോചിച്ചതുമില്ല. ഇത് കടുത്ത വിഭാഗീയതയും വഞ്ചനയുമാണ്. മുസ്്‌ലിം സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ വെട്ടിക്കുറച്ചാണ് വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചിരിക്കുന്നത്.
ദേശീയ ശരാശരിയേക്കാൾ പിന്നോക്കക്കാരായ മുസ്‌ലിംകൾക്ക് അനുവദിച്ച സഹായം മുന്നോക്കക്കാരടക്കമുള്ള മറ്റു വിഭാഗത്തിന് നൽകുന്ന തികച്ചും ഭരണഘടനാ വിരുദ്ധമായ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം സംബന്ധിച്ചു.