ബര്‍ലിന്‍- യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ കാണാതായി. ബെല്‍ജിയത്ത് 11 പേര്‍ മരിച്ചു. ജര്‍മ്മന്‍ സ്‌റ്റേറ്റുകളായ റിനേലാന്‍ഡ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളില്‍ പ്രളയം കൂടുതല്‍ ബാധിച്ചത്. നെതര്‍ലന്‍ഡിനെയും പ്രളയം ബാധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. പോലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.
മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മ്യൂസ് നദിയില്‍ ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. നദിക്ക് കുറുകെയുള്ള ഡാം പാലം തകരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രളയത്തില്‍ മരിച്ചവര്‍ക്ക് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രളയത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ എല്ലാ മാര്‍ഗവും തേടുമെന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റമാണ് പ്രളയത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമീപകാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല.