യാമ്പു- 'ഈ സിസ്റ്റം ശരിയല്ല' എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധം ഏറ്റെടുത്ത് സൗദി ഒ.ഐ.സി.സിയും രംഗത്ത്. സഹികെട്ട ജനങ്ങൾ കേരള ഗവണ്മെന്റിനെതിരെയുള്ള ഈ മുദ്രാവാക്യം ഏറ്റെടുത്ത് തെരുവിൽ ഇറങ്ങിയിരിക്കുകയാണെന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
ലോകം കോവിഡ് എന്ന വലിയ മഹാമാരിയെ നേരിടുമ്പോൾ നമ്മുടെ രാജ്യം എങ്ങും എത്താതെ ഇരുട്ടിൽ തപ്പുകയാണ്. കേരളവും അതിനെ മറികടക്കാൻ കഴിയാതെ കേന്ദ്രത്തിന്റെ നിഴൽ പറ്റുകയാണ്. സകല പ്രോട്ടോകോളും നിലനിർത്തി ചെറുകിട വ്യാപാരികൾ തുറന്ന് പ്രവർത്തിച്ചാൽ തെരുവിലെ തിരക്ക് കുറക്കാൻ കഴിയും എന്ന് എല്ലാവർക്കുമറിയാം. ആഴ്ചയിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഇതിലൂടെ കുറക്കാൻ കഴിയും. ലോകത്ത് എല്ലായിടത്തും പ്രവർത്തന മേഖലകൾ തുറന്ന് പ്രവർത്തിച്ച് ഈ മഹാമാരിയെ മറികടന്നു.
എന്നാൽ കേരള മുഖ്യന്റെ ധാർഷ്ട്യവും വ്യാപാരികൾക്ക് നേരെയുള്ള ഈ ഭീഷണിയും ഒട്ടും ശരിയല്ല. പെട്രോൾ, ഡീസൽ വില ഓരോ ദിവസവും ഇരട്ടിയായി വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിലുപരി നിരത്തിൽ വാഹനങ്ങൾ ഇറക്കാൻ കഴിയാതെ നികുതിയും ലോൺ തിരിച്ചടവും കുമിഞ്ഞുകൂടി ഈ മേഖലയിലുള്ള തൊഴിലാളികളും, ഉടമകളും, സാധാരണ ജനങ്ങളും ആത്മഹത്യയുടെ വക്കിലാണ്. ചെറുകിട വ്യാപാരികളുടെ അവസ്ഥ വളരെ ഖേദകരമാണ്. റൂം വാടകയും, ലോണും, കടയിലെ സ്റ്റോക്കിന്റെ മാസ അടവും നൽകാൻ കഴിയാതെ കടയിലെ സ്റ്റോക്കിന്റെ എക്‌സ്‌പെയർ ഡേറ്റ് തീർന്നു കഴിഞ്ഞാൽ മൊത്തം പുറത്തേക്ക് കളയേണ്ട അവസ്ഥ ഞെട്ടിപ്പിക്കുന്ന ചിന്തകളാണ് ഇവരെ ആത്മഹത്യയിലേക്ക് കൊണ്ടുപോകുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ഗവർണർ രാജ്ഭവനിൽ ഉപവസിക്കുന്ന കാഴ്ച നമ്മൾക്ക് കാണേണ്ടിവന്നു. സ്ത്രീകളുടെ സുരക്ഷ വരെ നൽകാൻ കഴിയാത്ത ഒരു ഗവണ്മെന്റ് ആണ് നമ്മുടെ കേരളം ഭരിക്കുന്നത്.
കേരള ഗവണ്മെന്റിൽ നിന്ന് വ്യാപാരികൾക്ക് അനുകൂലമായ ഒരു തീരുമാനം ഉടൻ ഉണ്ടാവണമെന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
ഇത് ഏറ്റെടുത്ത് സൗദി ഒ.ഐ.സി.സിയുടെ എല്ലാ ജില്ല, ഏരിയ, റീജിയണൽ കമ്മിറ്റികൾ വരും ദിവസങ്ങളിൽ വ്യാപാരികൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകി അവരോടൊപ്പം ഉണ്ടാകും അവർ-അറിയിച്ചു.