മക്ക - വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കാൻ നാളെ മുതൽ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് ഹജ്, ഉംറ സുരക്ഷാ സേനാ കമാണ്ടർ മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ഹജ് തീർഥാടകരെ സ്വീകരിക്കുന്നതിനു മുന്നോടിയായി വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങൾ ഒഴിപ്പിക്കും. പെർമിറ്റുള്ളവർക്കു മാത്രമാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശനം നൽകുക. വിശുദ്ധ ഹറമിലും ഹറമിന്റെ മുറ്റങ്ങളിലും സുരക്ഷാ കാര്യങ്ങളുടെ ചുമതല ഹജ്, ഉംറ സുരക്ഷാ സേനക്കാണ്. പുണ്യസ്ഥലങ്ങൾക്കു ചുറ്റും സുരക്ഷാ ബന്തവസ്സ് തീർക്കുന്ന ചുമതലയും ഹജ്, ഉംറ സുരക്ഷാ സേനക്കാണെന്ന് മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.
മക്കയിൽ നിന്നുള്ള ഹജ് തീർഥാടകരെ ഒറ്റക്ക് ഒറ്റക്കായി നേരെ ഹറമിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഹജ് സുരക്ഷാ സേനാ കമാണ്ടർ മേജർ ജനറൽ സായിദ് അൽതുവയ്യാൻ പറഞ്ഞു. ദുൽഹജ് ഏഴു മുതൽ 13 അവസാനിക്കുന്നതു വരെയുള്ള സമയത്ത് പെർമിറ്റില്ലാത്തവരെ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തിവിടില്ല. ഹജ് തീർഥാടകർ മക്കയിലെ നാലു ഒത്തുചേരൽ കേന്ദ്രങ്ങളിലാണ് ആദ്യം എത്തേണ്ടത്. മക്ക, ജിദ്ദ എക്‌സ്പ്രസ്‌വേയിലെ കാർ പാർക്കിംഗ്, മദീന റോഡിലെ അൽതൻഈം, തായിഫ്-അൽസൈൽ റോഡിലെ അൽശറായിഅ് റോഡ്, തായിഫ്-അൽഹദ റോഡിലെ കേന്ദ്രം എന്നിവിടങ്ങളിലാണ് പ്രത്യേകം നിശ്ചയിച്ച സമയക്രമം പാലിച്ച് തീർഥാടകർ ആദ്യമായി എത്തേണ്ടത്.