ചെങ്ങന്നൂർ-ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ.) ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ബി.ജെ.പി. നേതാവ് കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുൻ ഗ്രാമപഞ്ചായത്തംഗം സനു എൻ. നായരാണ് കീഴടങ്ങിയത്. ഒന്നാം പ്രതിയാണ് ഇയാൾ. മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൻ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കേന്ദ്ര മന്ത്രിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എഞ്ചിനീയർ മുതൽ പല തസ്തികകളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.
ഇതുവരെ ഒമ്പത് പരാതികൾ ചെങ്ങന്നൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട കല്ലറക്കടവ് സ്വദേശിയുടെ പരാതി പ്രകാരം ഇയാളിൽ നിന്ന് മാത്രം 20 ലക്ഷത്തിലധികം രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്.