ന്യൂദൽഹി- നാല് മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനു തൊട്ടുപിറകെ പ്രതിസന്ധിയിൽ ഇടപെടാൻ ശ്രമിച്ച പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കാണാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയാറായില്ല. സുപ്രീം കോടതയിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ജസ്്റ്റിസിനെ കാണാനെത്തിയത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ചീഫ് ജസ്റ്റിസിന്റെ കൃഷ്ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ വസതിയിൽ നിന്ന് അദ്ദേഹത്തിനു തിരിച്ചു പോകേണ്ടി വന്നു.
പ്രതിസന്ധിയെ കുറിച്ച് ഇതുവരെ പ്രതികരിക്കാൻ ചീഫ് ജസ്റ്റിസ് തയാറായിട്ടില്ല. പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ ചീഫ് ജസ്റ്റിസിനെ കാണാൻ അയച്ചത് എന്തിനെന്ന ചോദ്യം ഉയർന്നു.
ഈ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഇടപടെരുതെന്ന് മുൻ ചീഫ് ജസ്റ്റിസുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ആഭ്യന്തര പ്രതിസന്ധി കോടതി തന്നെ പരിഹരിക്കുന്നതാണ് ജനാധിപത്യത്തിന് അഭിമാകാമ്യമെന്നാണ് മുൻ ചീഫ് ജസ്റ്റിസുമാരായ ആർ എം ലോധ, കെ ജി ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടത്.
ഈ സാഹചര്യം വളരെ ദൗർഭാഗ്യകരമാണെന്നും ലോകത്ത് മറ്റൊരു പരമോന്നത കോടതിയിലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ജസ്റ്റിസ് ലോധ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് കോടതി തന്നെയാണ് ചർച്ച ചെയ്ത് പരിഹരിക്കേണ്ടത്. പൊതുജനങ്ങളോട് പറയുന്നതിനു മുമ്പ് അവർ ചർച്ച ചയ്യേണ്ടിയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്താ സമ്മേളനം നടത്തിയ നാലു മുതിർന്ന ജഡ്ജിമാർക്കു പിന്തുണയുമായി കൂടുതൽ ജഡ്ജിമാർ രംഗത്തു വന്നതോടെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തിയിരുന്നു.