വാഷിങ്ടൺ- പ്രശസ്ത അമേരിക്കൻ നീലചിത്ര നായികയുമായി ലൈംഗിക ബന്ധം പുലർത്തിയ വിവരം പുറത്തു പറയാതിരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടിക്ക് നൽകിയത് ഒന്നര ലക്ഷത്തോളം യുഎസ് ഡോളർ. 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണ കാലത്താണ് ട്രംപിന്റെ അഭിഭാഷകൻ 1,30,000 ഡോളർ നീലചിത്ര നടി സ്‌റ്റെഫാനി ക്ലിഫോഡിന് തരപ്പെടുത്തിക്കൊടുത്തതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ്ഹൗസ് അധികൃതർ ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്.
മുൻ മോഡലും ഭാര്യയുമായ മെലാനിയയെ വിവാഹം ചെയ്ത് ഒരു വർഷത്തിനു ശേഷമാണ് ട്രംപ് നീലചിത്രനടിയുമായി ബന്ധപ്പെടുന്നത്. 2006ൽ ഒരു സെലിബ്രിറ്റി ഗോൾഫ് പരിപാടിക്കു ശേഷമാണ് ട്രംപ് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് സ്‌റ്റോമി ഡാനിയേൽസ് എന്നറിയപ്പെടുന്ന സ്‌റ്റെഫാനി പറയുന്നു. ഈ സംഭവത്തെ കുറിച്ച് അറിയുന്നവരെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണൽ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
ദീർഘ കാലം ട്രംപിനു വേണ്ടി സേവനമനുഷ്ടിച്ച അഭിഭാഷകൻ മൈക്കൽ കോഹൻ ഇടപെട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ 2016 ഓക്ടോബറിൽ സ്‌റ്റെഫാനിക്ക് പണം കൈമാറിയത്. ഈ രഹസ്യ ലൈംഗികബന്ധം പുറത്തു പറയാൻ പാടില്ലെന്നായിരുന്നു കരാർ.