- ഏറ്റവും കുടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 100 ശതമാനം വിജയം ആവർത്തിച്ചു
കോട്ടയം- രാഷ്ട്രീയ ഭൂപടത്തിൽ മുദ്രിതമായ പാലായിൽ അക്ഷര വിജയത്തിന്റെ പുതുഗാഥയും. കോവിഡ് കാലത്ത് നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ മാറി. 99.97 ശതമാനമാണ് പാലായുടെ വിജയശതമാനം. കേരളത്തിലെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച പാലായിലെ വിദ്യാർഥി സമൂഹത്തെ പാലായിലെ രാഷ്ട്രീയ പോരാളികളായ മാണി സി കാപ്പൻ എം.എൽ.എയും ജോസ് കെ. മാണിയും അനുമോദിച്ചു. ഇരുവരും ഫലം വന്ന് വൈകാതെ തന്നെ അനുമോദനക്കുറിപ്പുകൾ ഫെയ്സ് ബുക്കിലും സോഷ്യൽ മീഡിയയിലും ഷെയർ ചെയ്തു.
പാലാ വിദ്യാഭ്യാസ ജില്ല മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഏറ്റവും കുടുതൽ വിദ്യാർഥികൾ ജില്ലയിൽ പരീക്ഷയെഴുതിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 100 ശതമാനം വിജയം ആവർത്തിച്ചു. പരീക്ഷ എഴുതിയ 222 വിദ്യാർഥികളിൽ 90 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 27 വിദ്യാർഥികൾക്ക് 9 എ പ്ലസും, 15 വിദ്യാർഥികൾക്ക് എട്ടു വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് വിജയശതമാനം കൂടുതൽ ഉള്ള വിദ്യാഭ്യാസ ജില്ലയായി പാലാ മാറിയതിൽ അഭിമാനമുണ്ടെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ പരിശ്രമിച്ച അധ്യാപകരെയും വിദ്യാർഥികളെയും എം.എൽ.എ അനുമോദിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ഉന്നത വിജയം നേടാൻ വിദ്യാർഥികളെ പരിശീലിപ്പിച്ച അധ്യാപകരാണ് യഥാർഥ വിജയശിൽപികൾ. വിട്ടുവീഴ്ചയില്ലാത്ത കഠിനപരിശ്രമമാണ് അധ്യാപകരും വിദ്യാർഥികളും നടത്തിയത്. അധ്യാപകരുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനാകെ മാതൃകയാണ്. ഉന്നത വിജയം നേടിയ വിദ്യാർഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും പാലായുടെ യശസ് ഉയർത്തിയതായും മാണി സി. കാപ്പൻ പറഞ്ഞു.
അക്ഷരങ്ങളുടെ ജില്ലയിലെ ഈ സുവർണ നേട്ടം സ്വന്തമാക്കിയതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും ജോസ് കെ. മാണി അഭിനന്ദനം രേഖപ്പെടുത്തി
എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം പാലാ വിദ്യാഭ്യാസ ജില്ലയിലാണെന്നത് നമ്മുടെ നാടിന് അഭിമാനം പകരുന്നതാണ്. അക്ഷരങ്ങളുടെ ജില്ലയിലെ ഈ സുവർണ നേട്ടം സ്വന്തമാക്കിയതിനു പിന്നിൽ പ്രയത്നിച്ച എല്ലാ അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും, സ്കൂൾ പ്രധാന അധ്യാപകർക്കും ഒരായിരം അഭിനന്ദനങ്ങൾ. ലോക്ഡൗണിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ മഹാമാരിയുടെ ഭീതിയ്ക്കിടെ പാലാ പുതിയ ചരിത്രമെഴുതുകയാണ്. പാലായുടെ അക്ഷരമുറ്റത്ത് വിജയത്തിന്റെ പുതു ഹരിശ്രീയെഴുതിയമിടുമിടുക്കരായ എല്ലാ കൊച്ചു കൂട്ടുകാർക്കും അനുമോദനങ്ങൾ - ജോസ് കെ. മാണി പറഞ്ഞു.