മുംബൈ- കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർ മുംബൈയിലേക്ക് വിമാനമാർഗം വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് മേയ് മാസത്തിലാണ് ആഭ്യന്തര വിമാനയാത്രക്കാർക്ക് മഹാരാഷ്ട്രയിൽ ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. മുംബൈയിൽ നിന്നും ദൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്ത് അന്ന് തന്നെ തിരിച്ചെത്തുന്നവരുണ്ട്. അത്തരം സാഹചര്യങ്ങളിൽ അന്ന് തന്നെ ആർ.ടി.പി.സി.ആർ. നടത്തുകയും പരിശോധനാഫലം ലഭിക്കുകയും ചെയ്യുക അപ്രായോഗികമാണെന്നും മുംബൈ മുൻസിപ്പൽ കമ്മീഷണർ ഇക്ബാൽ സിങ് ചാഹൽ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.